Entertainment
മറ്റ് സിനിമകളുമായി ഒരിക്കലും ബാറോസിനെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ല, അതൊരു മാജിക്കാണ്: മോഹന്‍ലാല്‍

മലയാളികള്‍ എല്ലാകാലവും ആഘോഷിക്കുന്ന നടനാണ് മോഹന്‍ലാല്‍. 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന നടന്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായവും അണിഞ്ഞു.

വന്‍ ബജറ്റില്‍ പൂര്‍ണമായും ത്രീ.ഡിയില്‍ ഒരുക്കിയ ബാറോസില്‍ ടൈറ്റില്‍ കഥാപാത്രമായി വേഷമിട്ടതും മോഹന്‍ലാല്‍ തന്നെയായിരുന്നു. ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ പരാജയമായി മാറിയ ചിത്രം ഒ.ടി.ടി. റിലീസിന് ശേഷം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.

ബാറോസിനെ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ത്രീ.ഡിയില്‍ ഷൂട്ട് ചെയ്ത ചിത്രമാണ് ബാറോസെന്നും വിദേശികളായിട്ടുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകളും അണിനിരന്ന സിനിമയാണ് അതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആ സിനിമ മാജിക്കലായിട്ടുള്ള ഒന്നാണെന്നും ഇനി അതുപോലെ ഒന്ന് സംഭവിക്കാന്‍ സാധ്യതയില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയിലെ ആക്ടിങ്ങിനെ മറ്റൊരു രീതിയിലാണ് കാണേണ്ടതെന്നും അതൊരു ഹാലൂസിനേഷന്‍ പോലെയോ അല്ലെങ്കില്‍ കഥപറച്ചില്‍ പോലെയോ ആണ് താന്‍ നോക്കിക്കാണുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ എമ്പുരാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

‘ബാറോസിനെ ഒരിക്കലും മറ്റ് സിനിമകളുമായി താരതമ്യം ചെയ്യേണ്ട ആവശ്യമില്ല. അത് ത്രീ.ഡിയില്‍ ഷൂട്ട് ചെയ്ത സിനിമയാണ്. ഒരുപാട് മികച്ച എക്വുപ്പ്‌മെന്റ്‌സും അതുപോലെ വിദേശത്തു നിന്ന് ഒരുപാട് ആര്‍ട്ടിസ്റ്റുകളും അണിനിരന്ന സിനിമയാണത്. അതിനെ ഒരു മാജിക്കലായിട്ടുള്ള ഒന്നായാണ് ഞാന്‍ കാണുന്നത്. ഇനി അതുപോലെ ഒന്ന് സംഭവിക്കാന്‍ സാധ്യതയില്ല.

ആ സിനിമയിലെ ആക്ടിങ്ങിനെയും ഞാന്‍ മറ്റൊരു രീതിയിലാണ് ഞാന്‍ കാണുന്നത്. അതൊരുതരം ഹാലൂസിനേഷന്‍ പോലെയാണ് എനിക്ക് തോന്നിയത്. അല്ലെങ്കില്‍ വ്യത്യസ്തമായ ഒരു കഥപറച്ചിലായാണ് ഞാന്‍ ബാറോസ് എന്ന സിനിമയെ നോക്കിക്കാണുന്നത്. അതിനപ്പുറത്തേക്ക് ബാറോസിനെക്കുറിച്ച് ഒന്നും പറയാനില്ല,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal saying don’t compare Barroz with other movies