വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ട്രംപ് പോയതുകൊണ്ട് തനിക്കിപ്പോൾ സമാധാനവും സ്വാതന്ത്ര്യവും ലഭിച്ചതുപോലെയാണ് തോന്നുന്നതെന്ന് തുറന്ന് പറഞ്ഞ് അമേരിക്കയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞനായ ആന്റണി ഫൗസി.
കൊറോണ വൈറസുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ സത്യങ്ങൾ ഇനി പ്രത്യാഘാതങ്ങൾ നേരിടുമെന്ന് ഭയക്കാതെ തുറന്ന് പറയാമല്ലോ എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജിയുടെയും പകർച്ചവ്യാധി രോഗങ്ങളുടെയും ഡയറക്ടറാണ് ആന്റണി ഫൗസി. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആന്റണി ഫൗസിയും തമ്മിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ പരസ്യമായി എതിർപ്പുകൾ രൂപപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കൊവിഡ് വിഷയത്തിൽ ഫൗസിയുടെ വാക്കുകൾക്ക് ട്രംപ് വില നൽകാത്തതും നിർദേശങ്ങൾ തള്ളുന്നതും പരസ്യമായ രഹസ്യമായിരുന്നു. പൊതുപ്രസ്താവനകൾ നടത്തുമ്പോഴും ഫൗസിയെ മാറ്റി നിർത്തുന്ന സമീപനമായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്.
ജോ ബൈഡൻ അമേരിക്കയുടെ 46ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഫൗസി വീണ്ടും കൊവിഡ് പ്രതിരോധത്തിന്റെ മുൻനിരയിലേക്ക് എത്തുന്നതും മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതും. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബൈഡൻ പത്ത് എക്സിക്യൂട്ടീവ് ഓർഡറുകളിൽ ഒപ്പിട്ടിരുന്നു.
”എല്ലാ വിഷയങ്ങളിലും രഹസ്യങ്ങൾ സൂക്ഷിക്കാത്ത, സുതാര്യവും സത്യസന്ധവുമായ നിലപാടുകളാണ് ഇനി നമ്മൾ സ്വീകരിക്കുക. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ പരസ്പരം വിരൽ ചൂണ്ടാതെ അത് അംഗീകരിക്കുകയും അവയെ തിരുത്തുകയും ചെയ്യും. ശാസ്ത്രത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും എല്ലാ തീരുമാനങ്ങളും എടുക്കുക,” അദ്ദേഹം വ്യക്തമാക്കി.
ട്രംപ് ഭരണത്തിൽ ഫൗസിയുടെയും മറ്റ് ആരോഗ്യ വിദഗ്ധരുടെയും നിർദേശങ്ങൾ പലപ്പോഴും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ട്രംപ് വിലകൽപ്പിച്ചിരുന്നില്ല. ഒരു ഘട്ടത്തിൽ അണുനാശിനി രോഗികളിൽ കുത്തിവെക്കുന്നതിനെ കുറിച്ച് ട്രംപ് ആലോചിച്ചപ്പോഴും പരസ്യമായ എതിർപ്പ് രേഖപ്പെടുത്താൻ അമേരിക്കയിലെ പല ആരോഗ്യവിദഗ്ധർക്കും സാധിച്ചിരുന്നില്ല.
ഫൗസിക്കെതിരെ ട്രംപ് അനുകൂലികൾ നിരന്തരം രംഗത്ത് വന്നിരുന്നു. നവംബറിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ഫൗസിയെ പുറത്താക്കുക എന്ന മുദ്രാവാക്യവും ഉയർന്നിരുന്നു.
ട്രംപ് കൊവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്സിക്ലോറോക്വിൻ നിർദേശിച്ചപ്പോഴും ഫൗസി എതിർപ്പുമായി രംഗത്ത് വന്നിരുന്നു.