ഇസ്രഈലിനെ നേരിടാന്‍ അന്‍സാറുള്ളയും ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പുകളും യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്
World News
ഇസ്രഈലിനെ നേരിടാന്‍ അന്‍സാറുള്ളയും ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പുകളും യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th March 2024, 6:41 pm

സനാ: ഇസ്രാഈലിനെ നേരിടാന്‍ ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പുകളും അന്‍സാറുള്ളയും സംയുക്ത യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. സയണിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള ആക്രമണങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ്, ഇസ്‌ലാമിക് ജിഹാദ്, പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ എന്നീ സംഘടനകളിലെ മുതിര്‍ന്ന നേതാക്കളാണ് ഹൂത്തികളുടെ ഔദ്യോഗിക സംഘടനയായ അന്‍സാറുള്ളയുമായി കൂടിയാലോചനകള്‍ നടത്തിയത്. എന്നാല്‍ ഈ സഖ്യം ചേരല്‍ ഇസ്രഈലിന് അന്താരാഷ്ട്ര തലത്തില്‍ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

ഗസയുടെ അതിര്‍ത്തി നഗരമായ റഫയില്‍ ഇസ്രഈല്‍ ആക്രമണം കടുപ്പിച്ചതോടെ സംയുക്തമായി നെതന്യാഹു സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് സംഘടനകളുടെ തീരുമാനം. അതേസമയം സായുധ സംഘടനകള്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുന്ന ഇടത്തെ കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രഈല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി യെമന്‍ സേന അറിയിച്ചു. മൂന്ന് ഇസ്രഈലി-അമേരിക്കന്‍ കപ്പലകള്‍ക്കെതിരെയാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന് യെമനി സേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹിയ സരി പറഞ്ഞു.

ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകളെ ഇനി മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും കേപ്പ് ഓഫ് ഗുഡ് ഹോപ്പിലും ആക്രമിക്കുമെന്ന് അന്‍സാറുള്ള പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സേനയുടെ നീക്കം.

യെമന്‍ സേനയുടെ മൂന്ന് ഓപ്പറേഷനുകളും വിജയിച്ചെന്ന് രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് യഹിയ സരി പറഞ്ഞു. ഈ വിജയം ഗസയിലെ ഫലസ്തീനികള്‍ക്ക് യെമന്‍ നല്‍കുന്ന പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Ansarullah and Palestinian resistance groups reportedly held a meeting to confront Israel