കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു എം.എല്‍.എ രാജിവെച്ചു. പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാരോപിച്ചാണ് ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയ ദീപക് ഹാല്‍ദര്‍ രാജിവെച്ചത്. ദീപക് ഹാല്‍ദര്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
എം.എല്‍.എയെന്ന നിലയില്‍ മികച്ച പ്രകടനം നടത്താത്തതിനാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനല്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഹാല്‍ദര്‍ രാജിവച്ചതെന്ന് ടി.എം.സി പ്രതികരിച്ചു.
അതേസമയം, തൃണമൂല്‍ വിട്ട് ബി.ജെ.പി അംഗത്വം സ്വീകരിച്ച നേതാവ് രജീബ് ബാനര്‍ജിയ്ക്ക് ആഭ്യന്തരമന്ത്രാലയം ബംഗാളില്‍ ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബംഗാളിനു പുറത്ത് വൈ പ്ലസ് സുരക്ഷയും ബാനര്‍ജിയ്ക്ക് ഏര്‍പ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ജനുവരി 29 നാണ് ബാനര്‍ജി ബി.ജെ.പിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. അദ്ദേഹത്തോടൊപ്പം നാല് തൃണമൂല്‍ നേതാക്കളും അംഗത്വമെടുത്തിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തൃണമൂല്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ബാനര്‍ജി രംഗത്തെത്തിയിരുന്നു.
ജനുവരി 29 ന് തൃണമൂല്‍ എം.എല്‍.എ സ്ഥാനവും രജീബ് ബാനര്‍ജി രാജിവെച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാബിനറ്റില്‍ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് എം.എല്‍.എ സ്ഥാനവും രാജിവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചത്.
ജനുവരി 22നാണ് പശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രിയായ രജീബ് ബാനര്‍ജി മന്ത്രിസ്ഥാനം രാജിവെച്ചത്. പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്.
തൃണമൂല്‍ എം.എല്‍.എ അരിന്ദം ഭട്ടാചാര്യയും തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിരിക്കുകയാണ്.
നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.
സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.
ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷ്മി രത്തന്‍ ശുക്ല രാജിവെച്ചതും വാര്‍ത്തയായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക