ടൊവിനോ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം രാജ്യാതിര്‍ത്തിയും കടന്ന് പ്രശംസിക്കപ്പെട്ടിരുന്നു. സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിയായി ടൊവിനോ നിറഞ്ഞാടുകയായിരുന്നു.
എന്നാല്‍ ചിത്രത്തിലെ പ്രകടനത്തിന് ടൊവിനോക്ക് വേണ്ടവിധം പ്രശംസ ലഭിച്ചില്ലെന്ന് പറയുകയാണ് അനൂപ് മേനോന്‍. വില്ലനെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന് വേണ്ടി എല്ലാവരും കയ്യടിച്ചുവെന്നും മിന്നല്‍ മുരളിയായുള്ള അഭിനയത്തിന് ടൊവിനോക്കും അതുപോലെ തന്നെ പ്രോത്സാഹനം ലഭിക്കേണ്ടതുണ്ടെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് മേനോന്‍ പറഞ്ഞു.
‘മിന്നല്‍ മുരളി എനിക്ക് ഇഷ്ടപ്പെട്ട പടമാണ്. അതില്‍ ടൊവിയെ എനിക്ക് ഭയങ്കര ഇഷ്ടമായി. ടൊവിനോ നന്നായി ചെയ്തിട്ടുണ്ട്. ആ സിനിമയില്‍ ഗുരു സോമസുന്ദരത്തെ മാത്രമാണ് എല്ലാവരും പ്രകീര്‍ത്തിച്ചതെങ്കിലും ടൊവി ചെയ്ത കഥാപാത്രവും എളുപ്പമല്ല. ഗുരു സോമസുന്ദരത്തെ ശ്ലാഘിച്ചതുപോലെ അല്ലെങ്കില്‍ പ്രോത്സാഹിപ്പിച്ചതുപോലെ എന്തുകൊണ്ട് ടൊവിയെ പ്രോത്സാഹിപ്പിച്ചില്ല എന്ന് എനിക്ക് അറിയില്ല. മിന്നല്‍ മുരളി ചെയ്തതിന് ടൊവി ഒരു വലിയ കയ്യടി അര്‍ഹിക്കുന്നുണ്ട്,’ അനൂപ് മേനോന്‍ പറഞ്ഞു.
2021 ഡിസംബര്‍ ആറിന് നെറ്റ്ഫ്‌ളിക്‌സിലാണ് മിന്നല്‍ മുരളി റിലീസ് ചെയ്തത്. വരാലാണ് ഒടുവില്‍ പുറത്തിറങ്ങിയ അനൂപ് മേനോന്റെ ചിത്രം. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഒക്ടോബര് 14നാണ് റിലീസ് ചെയ്തത്. പൊളിറ്റിക്കല്‍ ത്രില്ലറായി എത്തിയ ചിത്രത്തില്‍
സണ്ണി വെയ്ന്‍, പ്രകാശ് രാജ്, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: anoop menon about tovino thomas and minnal murali