ടെസ്റ്റിലും കൊടുങ്കാറ്റ്,തകർന്നത് 29 വർഷത്തെ റെക്കോഡ്; ചരിത്രത്തിൽ നമ്പർ വൺ ഓസീസ് താരം
Cricket
ടെസ്റ്റിലും കൊടുങ്കാറ്റ്,തകർന്നത് 29 വർഷത്തെ റെക്കോഡ്; ചരിത്രത്തിൽ നമ്പർ വൺ ഓസീസ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th February 2024, 7:55 pm

ഓസ്ട്രേലിയ വുമണ്‍സും സൗത്ത് ആഫ്രിക്ക വുമണ്‍സും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ്.

കളി നിര്‍ത്തുമ്പോള്‍ സൗത്ത് ആഫ്രിക്ക 67-3 എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 575-9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

മത്സരത്തില്‍ ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയില്‍ ഡബിള്‍ സെഞ്ച്വറി നേടി അന്നബെല്‍ സതര്‍ലാന്‍ഡ് മികച്ച പ്രകടനമാണ് നടത്തിയത്. 256 പന്തില്‍ 210 റണ്‍സാണ് അന്നബെല്‍ നേടിയത്. 27 ഫോറുകളും രണ്ട് സിക്സറുകളുമാണ് അന്നബെലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഓസീസ് താരം സ്വന്തമാക്കിയത്.

വുമണ്‍സ് ടെസ്റ്റില്‍ അഞ്ചാം നമ്പര്‍ പൊസിഷനിലോ അതിന് താഴെയോ ബാറ്റ് ചെയ്തുകൊണ്ട് ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് അന്നബെല്‍ സതര്‍ലാന്‍ഡ് സ്വന്തമാക്കിയത്.

1995ല്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ താരം എമിലി ഡ്രം പുറത്താവാതെ നേടിയ 161 റണ്‍സായിരുന്നു ഇതിന് മുമ്പ് അഞ്ചാം നമ്പര്‍ പൊസിഷനില്‍ ഇറങ്ങിയ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

സതര്‍ലാന്‍ഡിന് പുറമെ അലീസ ഹീലി 124 പന്തില്‍ 99 റണ്‍സും ബേത്ത് മൂണി 109 പന്തില്‍ 78 റണ്‍സും അഷ്‌ലീഗ് ഗാര്‍ഡ്നെര്‍ 130 പന്തില്‍ 65 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 76 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസീസ് ബൗളിങ്ങില്‍ ഡാര്‍സി ബ്രൗണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 9.2 ഓവറില്‍ 21 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഡാര്‍സിക്ക് പുറമേ സതര്‍ലാന്‍ഡ് മൂന്ന് വിക്കറ്റും താലിയ മഗ്രാത്ത് രണ്ട് വിക്കറ്റും വീഴ്ത്തിയും മികച്ച പ്രകടനം നടത്തി.

Content Highlight: Annabel Sutherland create a new record in test