എനിക്ക് സമയം വേണമെന്ന് ഞാന്‍; പശുപതി സാറിന് അങ്ങനെയൊരു മറുപടി പറയേണ്ട കാര്യമില്ലായിരുന്നു: അന്ന ബെന്‍
Entertainment
എനിക്ക് സമയം വേണമെന്ന് ഞാന്‍; പശുപതി സാറിന് അങ്ങനെയൊരു മറുപടി പറയേണ്ട കാര്യമില്ലായിരുന്നു: അന്ന ബെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd July 2024, 8:12 am

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു കല്‍ക്കി 2898 എ.ഡി. ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ഇത്. വലിയ താരനിര ഒന്നിച്ച കല്‍ക്കിയില്‍ മലയാളിയായ അന്ന ബെന്നും അഭിനയിച്ചിരുന്നു. ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പശുപതിയോടൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് അന്ന ബെന്‍.

‘പശുപതി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതില്‍ ഞാന്‍ ഒരുപാട് എക്‌സൈറ്റഡായിരുന്നു. എനിക്ക് പേഴ്‌സണലി ഒത്തിരി ഇഷ്ടമുള്ള ആളായിരുന്നു അദ്ദേഹം. ആളുടെ ക്രാഫ്റ്റ് എങ്ങനെ ഹാന്‍ഡില് ചെയ്യുന്നു എന്നതും എങ്ങനെ എക്‌സിക്യൂട്ട് ചെയ്യുന്നുവെന്നതും കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. ഞാന്‍ കോമ്പിനേഷന്‍ ചെയ്ത ആരുടെയും ഫസ്റ്റ് ലാങ്വേജ് തെലുങ്ക് ആയിരുന്നില്ല. അതുകൊണ്ട് എല്ലാവര്‍ക്കും ചെറിയ പ്രയാസമുണ്ടായിരുന്നു. പക്ഷെ എന്റെ മനസില്‍ പശുപതി സാര്‍ കുറേ തെലുങ്ക് സിനിമകള്‍ ചെയ്തിട്ടുണ്ടല്ലോ എന്ന ചിന്തയായിരുന്നു. സാറിന് തെലുങ്ക് അറിയാമെന്നും ഞാന്‍ ചിന്തിച്ചു.

‘സോറി സാര്‍, എനിക്ക് ലൈന്‍ പഠിക്കാന്‍ കുറച്ച് സമയം വേണം’ എന്ന് ഞാന്‍ സാറിനോട് പറഞ്ഞു. അത് കേട്ടതും അദ്ദേഹം പറഞ്ഞത്, ‘ഇല്ലപ്പാ, എനിക്കും അറിയില്ല. എനിക്കും പഠിക്കാന്‍ സമയമെടുക്കും’ എന്നായിരുന്നു. പക്ഷെ സാര്‍ എല്ലാം വളരെ ഈസിയായി ഹാന്‍ഡില് ചെയ്തു. അദ്ദേഹത്തിന് ഒന്നും ഒരു വിഷയമേ ആയിരുന്നില്ല. ഞാന്‍ ടെന്‍ഷനടിക്കേണ്ടെന്ന് ഓര്‍ത്തിട്ട് എന്നെ കൂളാക്കാന്‍ വേണ്ടിയാണ് സാര്‍ അങ്ങനെ പറഞ്ഞത്. സാറിന് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. അത്രയും സിമ്പിളായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം.

അതുകൊണ്ട് പശുപതി സാറിന്റെ കൂടെ കോമ്പിനേഷന്‍ ചെയ്യുമ്പോള്‍ എനിക്ക് ടെന്‍ഷനോ സീനിയര്‍ ആര്‍ട്ടിസ്റ്റിന്റെ കൂടെയാണ് അഭിനയിക്കുന്നതെന്ന പേടിയോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമ്പോള്‍ വളരെ ഇന്‍സ്‌പെയറിങ്ങായി തോന്നി. കാരണം പല സീനിലും സാര്‍ തന്നെയാണ് സ്വയം അങ്ങനെ ചെയ്യാം ഇങ്ങനെ ചെയ്യാമെന്നൊക്കെ പറയുന്നത്. നമ്മള്‍ സാധാരണ സംവിധായകന്റെ ഫീഡ്ബാക്കില്‍ നിന്നാണല്ലോ എങ്ങനെ ചെയ്യാമെന്നൊക്കെ തീരുമാനിക്കുന്നത്. പക്ഷെ സാര്‍ അങ്ങനെയല്ല, കുറേയൊക്കെ സാറിന്റെ രീതിയിലാക്കുകയാണ് ചെയ്യുന്നത്,’ അന്ന ബെന്‍ പറഞ്ഞു.


Content Highlight: Anna Ben Talks About Pasupathy