തിരുവനന്തപുരം: സ്‌കൂള്‍ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിയായ അഫീല്‍ ജോണ്‍സണ്‍ മരിക്കാനിടയായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്. മാനദണ്ഡങ്ങള്‍ അനുസരിച്ച് ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ തുടങ്ങിയ ലോങ് ത്രോ മത്സരങ്ങള്‍ ഒരുമിച്ച് നടത്താന്‍ പാടില്ലെന്നും അഞ്ജു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അഞ്ജു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും അന്താരാഷ്ട്ര വെയ്റ്റ്‌ലിഫ്റ്റ് ഫെഡറേഷന്റെയും മാനദണ്ഡങ്ങള്‍ അനുസരിച്ച് ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ തുടങ്ങിയ ലോങ് ത്രോ മത്സരങ്ങള്‍ ഒരുമിച്ച് നടത്താന്‍ പാടില്ല. ഇവിടെ എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അറിയില്ല. അതിനെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണം’, അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി. അഫീലിന്റെ നഷ്ടം കായികരംഗത്തിന്റെ മൊത്തം നഷ്ടമാണെന്നും അഞ്ജു പറഞ്ഞു.
ഹാമര്‍ ത്രോ മത്സരം നടക്കുന്നിടത്തേക്ക് ഒഫീഷ്യല്‍സിനല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല. എന്നാല്‍ കുട്ടി സഹായിക്കാനെത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഇതൊരു പാഠമായി എടുക്കണം. വരുന്ന മത്സരങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധ കാണിയ്ക്കണമെന്നും അഞ്ജു പറഞ്ഞു.
ലോങ് ജംപ് പിറ്റിലേക്ക് ഹാമര്‍ തെറിച്ചുവീണ തന്റെ അനുഭവം ഓര്‍ത്തെടുത്തായിരുന്നു അഞ്ജുവിന്റെ പ്രതികരണം.
അഫീലിന്റെ ചികിത്സയ്ക്കായി സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍ അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേസമയം സംഘടിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു.