Advertisement
Entertainment
എന്നാലും അനിരുദ്ധേ, ഇത് കോപ്പിയടിയോ? ഇന്‍സ്‌പെയറിങോ? പുതിയ പാട്ടിന് ട്രോളുമായി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 06, 08:07 am
Tuesday, 6th August 2024, 1:37 pm

രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ എന്ന സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ് ജൂനിയര്‍ എന്‍.ടി.ആര്‍. ഈ സിനിമക്ക് ശേഷം അദ്ദേഹം നായകനാകുന്ന ചിത്രമാണ് ദേവര. ജനതാ ഗാരേജ് ചിത്രത്തിന്റെ സംവിധായകന്‍ കൊരട്ടാല ശിവക്കൊപ്പമുള്ള താരത്തിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഇത്. ജാന്‍വി കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ വില്ലനായി എത്തുന്നുണ്ട്. ജൂനിയര്‍ എന്‍.ടി.ആര്‍ ഭൈര എന്ന കഥാപാത്രമായി എത്തുന്ന ദേവര രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്.

അനിരുദ്ധ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദേവരയുടേതായി പുറത്തിറങ്ങുന്ന രണ്ടാമത്തെ ഗാനമാണ് ഇത്. ‘ചുറ്റമല്ലേ’ എന്ന പേരില്‍ എത്തിയ ഗാനത്തിന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളാണ് ലഭിക്കുന്നത്. യോഹാനിയുടെ ശ്രീലങ്കന്‍ വൈറല്‍ ഗാനമായ മണികെ മാഗെ ഹിതേയുമായി ദേവരയുടെ പുതിയ പാട്ടിന് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.


മണികെ മാഗെ ഹിതേയുടെ യൂട്യൂബ് വീഡിയോയുടെ താഴെ ദേവരയിലെ പാട്ട് കേട്ട് വന്ന ഒരുപാട് ആളുകളുടെ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. മിക്കവരും അനിരുദ്ധ് ആ പാട്ടില്‍ നിന്ന് കോപ്പിയടിച്ചതാണ് എന്ന തരത്തിലാണ് കമന്റിടുന്നത്. ചിലര്‍ ഇതില്‍ നിന്ന് ഇന്‍സ്‌പെയര്‍ ആയതാകും എന്നും പറയുന്നു.

ഒപ്പം ഗാനത്തിലെ ജാന്‍വി കപൂറിന്റെ സീനുകള്‍ ചേര്‍ത്ത് പുതിയ സോപ്പിന്റെ പരസ്യമാണ് എന്ന രീതിയിലും ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. ജൂനിയര്‍ എന്‍.ടി.ആറിനും ജാന്‍വി കപൂറിനും ഇടയില്‍ കെമിസ്ട്രിയില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം ദേവരെയുടെ ആദ്യ ഗാനമായ ‘ഫിയര്‍ സോങ്’ പുറത്ത് വന്നപ്പോളും വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ആ ഗാനം റിലീസാകുന്നതിന് മുമ്പ് സിനിമയുടെ നിര്‍മാതാവ് നാഗ വംശി പങ്കുവെച്ച എക്‌സ് പോസ്റ്റായിരുന്നു ആ ട്രോളിന്റെ കാരണമായത്. ജയിലറിലെ ഹുക്കും എന്ന പാട്ടിനെക്കാള്‍ മികച്ചതാകും ഇത് എന്നായിരുന്നു അദ്ദേഹം തന്റെ എക്സില്‍ കുറിച്ചത്.

എന്നാല്‍ പാട്ട് റിലീസായ ശേഷം നാഗ വംശിക്ക് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. ഈയിടെ അനിരുദ്ധ് ചെയ്ത പാട്ടുകള്‍ വെച്ച് നോക്കുമ്പോള്‍ ‘ഫിയര്‍ സോങ്’ അതിന്റെ ലെവലിലേക്ക് വന്നിട്ടില്ല എന്നായിരുന്നു സോഷ്യല്‍ മീഡിയ അന്ന് പറഞ്ഞത്. വിജയ് ചിത്രമായ ലിയോയിലെ ബാഡാസ് എന്ന ഗാനവുമായി ഫിയര്‍ സോങിന് സാമ്യതയുണ്ടെന്നും ആരോപണം ഉണ്ടായിരുന്നു.

Content Highlight: Anirudh Gets Trolls After Release Of Devara Second Single Song