Kerala News
അയ്യങ്കാളിയെക്കുറിച്ച് ഇ.എം.എസ് ഒരുവാക്ക് പോലും എഴുതിയിട്ടില്ലെന്ന് അനില്‍ കുമാര്‍; പുസ്തകങ്ങള്‍ വായിക്കാതെ അത് പറയരുതെന്ന് പി. രാജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
1 day ago
Thursday, 20th March 2025, 11:24 pm

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇ.എം.എസ് നവോത്ഥാന നേതാവായ അയ്യങ്കാളിയെക്കുറിച്ച് ഒരിക്കല്‍ പോലും പരാമര്‍ശിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്ന യു.ഡി.എഫ് എം.എല്‍.എ എ.പി. അനില്‍ കുമാറിന്റെ പരാമര്‍ശത്തില്‍ തിരുത്തുമായി വ്യവസായ മന്ത്രി പി. രാജീവ്.

ഇ.എം.എസ് ഒരു നമ്പൂരിയായതിനാല്‍ അയ്യങ്കാളിയെക്കുറിച്ച് എഴുതുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന് കരുതുന്നത് തെറ്റ് ആണെന്ന അദ്ദേഹത്തിന്റെ തന്നെ പരാമര്‍ശം ഏറ്റുപറഞ്ഞ മന്ത്രി ഒരുപക്ഷെ എം.എം ഹസന്റെ ബുക്ക് എങ്കിലും വായിച്ചിരുന്നെങ്കില്‍ അനില്‍ കുമാറിന് ഈ തെറ്റ് സംഭവിക്കില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള നവോത്ഥാന ചരിത്രത്തെക്കുറിച്ച് ഒരുപാട് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഇ.എം.എസ് അയ്യങ്കാളിയെക്കുറിച്ച് മാത്രം എന്തുകൊണ്ട് എഴുതിയില്ലെന്നായിരുന്നു അനില്‍ കുമാറിന്റെ ചോദ്യം. ഇ.എം.എസിന്റെ പോരാട്ടങ്ങളില്‍ അയ്യങ്കാളിയും ദളിത് ചരിത്രവും ഇല്ലെന്നും അനില്‍ കുമാര്‍ വിമര്‍ശിച്ചു.

എന്നാല്‍ 1993 ഒക്ടോബര്‍ പത്തിന് അനില്‍കുമാര്‍ ചോദിച്ച ഇതേ ചോദ്യം ഇ.എം.എസ് അന്ന് നേരിട്ടിരുന്നെന്ന് പറഞ്ഞാണ് പി.രാജീവ് തന്റെ മറുപടി ആരംഭിച്ചത്.

കേരള ചരിത്രം സംബന്ധിച്ച ഇ.എം.എസിന്റെ ആദ്യകൃതി ‘കേരളം മലയാളികളുടെ മാതൃഭൂമി’ 1948ലാണ് പ്രസിദ്ധീകരിച്ചത്. അന്ന് തനിക്ക് അയ്യങ്കാളിയെക്കുറിച്ച് അറിയില്ലായിരുന്നു എന്ന് ഇ.എംസ് തന്നെ പറഞ്ഞിട്ടുണ്ട്. അല്ലാതെ താന്‍ ഒരു നമ്പൂതിരിയായതുകൊണ്ട് അയ്യങ്കാളിയെക്കുറിച്ച് എഴുതിയില്ലെന്ന്‌ പറയാന്‍ ആവില്ലെന്നും ഇ.എം.എസ് പറയുകയുണ്ടായി.

ശ്രീനാരായണ ഗുരുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളെക്കുറിച്ച് ഇ.എം.എസ് വിശദമായിരുന്നു എഴുതിയിരുന്നുവെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. ‘കേവലം അധകൃത സമുദായങ്ങളുടെ നേതാവായിരുന്നില്ല അയ്യങ്കാളി. അധകൃതതരടക്കമുള്ള സവര്‍ണാവരണ ഹിന്ദുക്കളിലും മതന്യൂനപക്ഷങ്ങളില്‍പ്പെട്ട കര്‍ഷക തൊഴിലാളി വര്‍ഗത്തിന്റെയും ആദ്യകാല നേതാവായിരുന്നു അദ്ദേഹം.

ഈഴവര്‍ അടക്കമുള്ള സമുദായങ്ങളെ സംഘടിപ്പിച്ച ഗുരുവിനെപ്പോലെയായിരുന്നു കര്‍ഷകത്തൊളിലാളികളെ ഒരു വര്‍ഗമെന്ന നിലയില്‍ സംഘടിപ്പിച്ച അയ്യങ്കാളിയും,’ ഇ.എം.എസിന്റെ ബുക്കിലെ വരികളെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.

‘സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റുകാരും’ എന്നപുസ്തകത്തിലും അയ്യങ്കാളിയെക്കുറിച്ച് ഇ.എംസ് പ്രതിപാദിച്ചിട്ടുണ്ടെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി.

ഇതൊന്നും വായിക്കാന്‍ അനില്‍കുമാറിന് സമയം കിട്ടിയില്ലെങ്കില്‍ എം.എം ഹസന്‍ എഴുതിയ ‘അയ്യങ്കാളി സാമൂഹിക വിപ്ലവ നായകന്‍’ എന്ന പുസ്തകത്തില്‍ ഇ.എം.എസ് അയ്യങ്കാളിയെക്കുറിച്ചെഴുതിയതെങ്കിലും വായിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അബദ്ധം പറയില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. ഇ.എം.സിനെ തെറ്റായ രീതിയില്‍ ചിത്രീകരിക്കാനുള്ള നീക്കം അപലനീയമാണെന്നും മന്ത്രി വ്യക്തമാക്കി.

Content Highlight: Anil Kumar says EMS has not written a single word about Ayyankali; P. Rajeev says don’t say that without reading the books