national news
സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനി; ഇന്ദിരാഗാന്ധി പറഞ്ഞതെങ്കിലും കോണ്‍ഗ്രസ് ഓര്‍ക്കണം; ട്വീറ്റുമായി അനില്‍ ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 02, 11:11 am
Sunday, 2nd April 2023, 4:41 pm

ന്യൂദല്‍ഹി: സവര്‍ക്കറെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കോണ്‍ഗ്രസ് നേതാക്കളായ ഫിറോസ് ഗാന്ധിയും ഇന്ദരാഗാന്ധിയും സവര്‍ക്കറെ കുറിച്ച് നടത്തിയ നിരീക്ഷണങ്ങളെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ പഠിക്കുന്നത് നല്ലതാണെന്നാണ് അനില്‍ ആന്റണി ട്വീറ്റ് ചെയ്തത്.

എങ്കില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്ന സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശങ്ങളില്‍ പലതും ഒഴിവാക്കാമായിരുന്നു എന്നും അനില്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആര്‍ട്ടിക്കിള്‍ പങ്കുവെച്ചായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍ സൈബര്‍ വിങ് തലവന്‍ കൂടിയായ അനില്‍ ആന്റണിയുടെ ട്വീറ്റ്.

‘സ്വാതന്ത്ര്യസമര സേനാനിയായ സവര്‍ക്കറെ തീവ്രമായി അപമാനിക്കാനാണ് പല കോണ്‍ഗ്രസ് നേതാക്കളും ശ്രമിക്കുന്നത്. അവര്‍ ചുരുങ്ങിയത് ഫിറോസ് ഗാന്ധിയും ഇന്ദിരാഗാന്ധിയും സവര്‍ക്കറെ കുറിച്ച് നടത്തിയ നിരീക്ഷണങ്ങളെങ്കിലും മനസിലാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ നടത്തുന്ന പല കയ്‌പേറിയ പരാമര്‍ശങ്ങളും ഒഴിവാക്കാമായിരുന്നു.

പകരം ദേശീയവും പൊതുതാല്‍പര്യവുമുള്ള വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമായിരുന്നു,’ അനില്‍ ആന്റണി ട്വീറ്റ് ചെയ്തു. ഇതിന്റെ കൂടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പണ്ഡിറ്റ് ബഖ്‌ലെക്ക് എഴുതിയ കത്തും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ട്വീറ്റിന് പിന്നാലെ അനിലിനെ വിമര്‍ശിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. എന്നാല്‍ ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് അദ്ദേഹത്തെ അനുകൂലിച്ചും പോസ്റ്റുകള്‍ വരുന്നുണ്ട്. ശ്രീജിത് പണിക്കരും അനില്‍ ആന്റണിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ സവര്‍ക്കറെക്കുറിച്ചുള്ള പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Content Highlight: Anil antony tweet about savarkar