ബി.ബി.സിയെ വിടാതെ അനില്‍ ആന്റണി; ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്ത മാധ്യമം, കോണ്‍ഗ്രസിന് പറ്റിയ സഖ്യകക്ഷിയെന്നും പരിഹാസം
Kerala News
ബി.ബി.സിയെ വിടാതെ അനില്‍ ആന്റണി; ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്ത മാധ്യമം, കോണ്‍ഗ്രസിന് പറ്റിയ സഖ്യകക്ഷിയെന്നും പരിഹാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th January 2023, 6:21 pm

ന്യൂദല്‍ഹി: ബി.ബി.സിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്ത മാധ്യമമാണ് ബി.ബി.സിയെന്നും കശ്മീരില്ലാത്ത ഭൂപടം ബി.ബി.സി പലതവണ നല്‍കിയിട്ടുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു.

പുതിയ കാലത്ത് ബി.ബി.സി കോണ്‍ഗ്രസിന് പറ്റിയ സഖ്യകക്ഷിയാണൈന്നും അനില്‍ ആന്റണി പരിഹസിച്ചു. നേരത്തെ ബി.ബി.സി നല്‍കിയ ഇന്ത്യയുടെ ഭൂപടം പങ്കുവച്ച് ട്വീറ്ററിലൂടെയായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. സ്ഥാപിത താത്പര്യമില്ലാത്ത സ്വതന്ത്ര മാധ്യമാണ് ബി.ബി.സിയെന്നും അനില്‍ പരിഹസിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിനെയും ഡോക്യുമെന്ററി വവാദത്തില്‍ തന്നെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശിനെയും, സുപ്രിയ ശ്രീനാതെയേയും ടാഗ് ചെയ്താണ് അനിലിന്റെ ട്വീറ്റ്.

2002 ഗുജറാത്ത് വംശഹത്യയെയും നരേന്ദ്ര മോദിയുടെ അതിലെ പങ്കിനെയും കുറിച്ച് ആധികാരികമായി സംസാരിക്കുന്ന ബി.ബി.സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ (India: The Modi Question) എന്ന ഡോക്യുമെന്ററിയെ വിമര്‍ശിച്ചുകൊണ്ട് അനില്‍ ആന്റണി പങ്കുവെച്ച ട്വീറ്റ് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ അനില്‍ ആന്റണിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസിന്റെ പദവികളില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും രാജിക്കത്തില്‍ അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും മുഖസ്തുതിക്കാരാണുള്ളതെന്നും പാര്‍ട്ടിയില്‍ യോഗ്യതയുള്ളവരേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് സ്ഥാനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.