ഒരു ബാറ്ററുടെ മികവ് അളക്കാനായി സെഞ്ച്വറികളുടെ എണ്ണവും മറ്റ് നേട്ടങ്ങളും ഉപയോഗിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ സച്ചിനാണ് ഏറ്റവും മികച്ച ബാറ്റര്‍. 100 തവണ സെഞ്ച്വറി നേട്ടമാഘോഷിച്ച സച്ചിനെ തന്നെയാണ് ഇക്കാര്യത്തിലെ നിര്‍ഭാഗ്യവാനായും കണക്കാക്കുന്നത്. നിരവധി തവണയാണ് തൊണ്ണൂറുകളുടെ ചതിക്കുഴിയില്‍ പെട്ട് സച്ചിന് നൂറ് തികയ്ക്കാനാവാതെ മടങ്ങേണ്ടി വന്നത്.
എന്നാല്‍, ഇക്കാര്യത്തില്‍ സച്ചിനേക്കാള്‍ വലിയ ഹതഭാഗ്യവാന്‍ പിറവിയെടുത്തിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ് ഈ നിര്‍ഭാഗ്യവാന്റെ പിറവി. ശ്രീലങ്കന്‍ സൂപ്പര്‍ താരം ഏയഞ്ചലോ മാത്യൂസാണ് നിര്‍ഭാഗ്യത്തില്‍ സച്ചിനെ വെല്ലാനൊരുങ്ങുന്നത്.
ശ്രീലങ്ക – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പയില ബംഗ്ലാ ഓഫ് സ്പിന്നര്‍ നയിം ഹസന് വിക്കറ്റ് സമ്മാനിച്ചതോടെയാണ് മാത്യൂസ് നിര്‍ഭാഗ്യത്തിന്റെ പടുകുഴിയിലേക്ക് വീണത്. ഇരട്ട സെഞ്ച്വറിക്ക് ഒരു റണ്‍സ് മാത്രം അകലെ നില്‍ക്കവെയായിരുന്നു മാത്യൂസ് ഔട്ടാവുന്നത്.
ഇതോടെ നിര്‍ഭാഗ്യത്തിന്റെ മറ്റൊരു റെക്കോഡും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 199നും 99നും പുറത്താവുന്ന ആദ്യ കളിക്കാരന്‍ എന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.
2009ലായിരുന്നു മാത്യൂസ് 99ല്‍ പുറത്താവുന്നത്. ഇന്ത്യയ്‌ക്കെതിരെ മുംബൈയില്‍ വെച്ചായിരുന്നു താരം 99ന് പുറത്തായത്.
അതേസമയം, മാത്യൂസിന്റെ മാസ്മരിക ഇന്നിംഗ്‌സിന്റെ മികവില്‍ 397 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറാണ് ശ്രീലങ്ക പടുത്തുയര്‍ത്തിയത്. 66 റണ്‍സെടുത്ത ദിനേഷ് ചണ്ഡിമലും 54 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും മികച്ച പിന്തുണ നല്‍കിയതോടെയാണ് ശ്രീലങ്ക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.