നക്സൽ വർഗീസ് മുതൽ നജീബ് വരെ; പൃഥ്വിയുടെ റിയൽ ലൈഫ് ജീവിതങ്ങൾ
Entertainment
നക്സൽ വർഗീസ് മുതൽ നജീബ് വരെ; പൃഥ്വിയുടെ റിയൽ ലൈഫ് ജീവിതങ്ങൾ
നവ്‌നീത് എസ്.
Friday, 29th March 2024, 1:02 pm

മലയാളികൾ ഏവരും ആടുജീവിതത്തിനായി കാത്തിരിക്കുകയായിരുന്നു ഇത്രയുംനാൾ. ബെന്യാമിൻ മലയാളികൾക്ക് മുമ്പിൽ വരച്ചിട്ട ആടുജീവിതമെന്ന പുസ്തകത്തെ ബ്ലെസിയെ പോലൊരു സംവിധായകൻ ചലച്ചിത്രാവിഷ്ക്കാരമായി ഒരുക്കുമ്പോൾ പ്രേക്ഷകരുടെ വായനാനുഭവത്തിനപ്പുറം കാണാൻ കഴിയുമോയെന്ന പ്രതീക്ഷയിലായിരുന്നു മലയാളികൾ.

എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ, ഗംഭീര അഭിപ്രായമാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജ് മുമ്പൊന്നും കാണാത്ത വിധത്തിലുള്ള പ്രകടനമാണ് സിനിമയിൽ കാഴ്ചവെച്ചിട്ടുള്ളത്. കഥാപാത്രത്തിനായി ശാരീരികമായും മാനസികമായും പൃഥ്വി പൂർണമായി മാറുകയായിരുന്നു. ഡബ്ബിങ്ങിൽ പോലും അത് വ്യക്തമാണ്.

നജീബ് ഒരു റിയൽ ലൈഫ് ക്യാരക്ടറാണ്. ഒരു യഥാർത്ഥ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത് ഒരു നടനെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ പൃഥ്വിരാജ് വളരെ ഭംഗിയായി അത് ചെയ്ത് വെച്ചിട്ടുണ്ട്. ആദ്യമായിട്ടല്ല പൃഥ്വിരാജ് ഒരു ഒറിജിനൽ കഥാപാത്രമായി സ്‌ക്രീനിൽ എത്തുന്നത്. ഇതിന് മുമ്പും ചില സിനിമകളിലൂടെ അദ്ദേഹം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

 

1.സെല്ലുലോയ്ഡ്

 

മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലായി പൃഥ്വിരാജ് പകർന്നാടിയ ചിത്രമാണ് സെല്ലുലോയ്ഡ്. കമൽ സംവിധാനം ചെയ്ത ചിത്രം വിഗതകുമാരൻ എന്ന ചിത്രത്തിന്റെ നിർമാണത്തിന്റെ ഭാഗമായി ജെ.സി. ഡാനിയൽ നേരിട്ട ബുദ്ധിമുട്ടുകളും അതുവഴി നടിയായ പി.കെ റോസിയുടെ ജീവിതവുമാണ് അവതരിപ്പിച്ചത്.

ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയ ജെ.സി ഡാനിയേലിന്റെ ജീവചരിത്രമായ ലൈഫ് ഓഫ് ജെ.സി. ഡാനിയേലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. അന്ന് വരെ കാണാത്ത തരത്തിൽ പൂർണമായി പൃഥ്വി ജെ.സി. ഡാനിയലായി മാറുകയായിരുന്നു. രണ്ട് കാലഘട്ടങ്ങളിലുള്ള വേഷങ്ങളെ പൃഥ്വി ഭംഗിയായി അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു.

2. എന്ന് നിന്റെ മൊയ്തീൻ

മറ്റൊരു പൃഥ്വിരാജ് ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. മലയാളത്തിൽ ഇറങ്ങി വലിയ വിജയമായ പ്രണയ ചിത്രം കൂടിയാണ് എന്ന് നിന്റെ മൊയ്തീൻ. ആർ.എസ്. വിമൽ സംവിധാനം ചെയ്ത ചിത്രം ബി.പി മൊയ്തീന്റെയും കാഞ്ചന മാലയുടെയും പ്രണയകഥയാണ് പറഞ്ഞത്.

1960കളിൽ കോഴിക്കോട് മുക്കത്ത് ജീവിച്ചിരുന്ന മൊയ്തീനായി പൃഥ്വിരാജ് സ്‌ക്രീനിൽ എത്തിയപ്പോൾ കാഞ്ചനമാലയായി വേഷമിട്ടത് പാർവതി തിരുവോത്തായിരുന്നു. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിൽ മൊയ്തീനായി മറ്റൊരാളെ സങ്കൽപ്പിക്കാൻ പറ്റാത്ത വിധം പൃഥ്വി ഭംഗിയായി ചെയ്തിരുന്നു. യാഥാർത്ഥ്യത്തോട് നീതി പുലർത്തുന്ന കാസ്റ്റിങ്ങായിരുന്നു ചിത്രത്തിൽ പൃഥ്വിയുടേത്. ബി.പി മൊയ്തീനെ പോലൊരു വ്യക്തി ഇവിടെ ജീവിച്ചിരുന്നുവെന്ന് കൂടുതൽ മലയാളികൾ അറിയുന്നത് പൃഥ്വിയുടെ ഈ കഥാപാത്രത്തിലൂടെയായിരുന്നു.

 

3. തലപ്പാവ്

മധുപാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തലപ്പാവ്. സഖാവ് ജോസഫായി പൃഥ്വിരാജ് വേഷമിട്ട ചിത്രം 1970ൽ വധിക്കപ്പെട്ട നക്സലൈറ്റ് വർഗീസിന്റെ കഥയാണ് പറഞ്ഞത്. പി. രാമചന്ദ്രൻ. നായർ എന്ന പൊലീസ് കോൺസ്റ്റബിളിന്റെ കുറ്റസമ്മതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

വയനാട്ടിലെ കർഷകരുടെ അവകാശങ്ങൾക്കായി പോരാടുന്ന വിപ്ലവ നേതാവ് ജോസഫായി മികച്ച പ്രകടനമായിരുന്നു പൃഥ്വി കാഴ്ചവെച്ചത്.
2008ൽ ഇറങ്ങിയ ചിത്രം നിറയെ നിരൂപക പ്രശംസയും നേടിയിരുന്നു. പൃഥ്വിരാജിനൊപ്പം നടൻ ലാലും ഒരു പ്രധാന വേഷത്തിൽ തലപ്പാവിൽ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ ഏറ്റവും ഒടുവിൽ നജീബായി പൃഥ്വി ബിഗ് സ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുന്ന കാഴ്ച്ചയാണ് മലയാളികൾ കാണുന്നത്. നടപ്പിലും, നോക്കിലുമെല്ലാം പൃഥ്വി പൂർണമായി നജീബെന്ന സാധാരണക്കാരനായി മാറിയിട്ടുണ്ട്.

അർബാബിനടുത്ത് ചെന്ന് പെടുമ്പോഴും തല്ല് വാങ്ങുമ്പോഴും ഭാഷയറിയാതെ നിസഹായനായി പോവുമ്പോഴും പ്രേക്ഷകരും കരയുന്നത് അതുകൊണ്ടാണ്. ചിത്രത്തിലെ ഗംഭീര പ്രകടനം കാണുമ്പോൾ ഒന്നുറപ്പിച്ചു പറയാം. ഇടറിയ കാലുകളാൽ നജീബായി പൃഥ്വിരാജ് ഓടികയറുന്നത് ലോകസിനിമയുടെ നെറുകയിലേക്കാണെന്ന്.

Content Highlight: Analysis Of Real Life Characters Of Prithviraj

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം