Entertainment
വെറും പോസ്റ്ററുകളല്ല, ടൈറ്റിലുകൾ പറയുന്ന സിനിമയുടെ മാജിക്
നവ്‌നീത് എസ്.
2025 Feb 18, 10:53 am
Tuesday, 18th February 2025, 4:23 pm

2015 മെയ് മാസം, പൂവിലിരിക്കുന്ന പൂമ്പാറ്റയുടെ ഒരു പോസ്റ്റർ കേരളത്തിലൊട്ടാകെ വ്യാപകമായി പ്രചരിച്ചു. ഒറ്റ നോട്ടത്തിൽ ഒരു ചിത്ര ശലഭമായി തോന്നിക്കുന്ന ആ പോസ്റ്റർ പിന്നീട് ചരിത്രമായി മാറിയ ഒരു സിനിമയുടെ പേരായിരുന്നു. പ്രേമം. അൽഫോൺസ് പുത്രൻ എന്ന തുടക്കക്കാരനായ സംവിധായകനും നിവിൻ പോളിയും ഒന്നിക്കുന്ന സാധാരണ സിനിമയായി പുറത്തിറങ്ങിയ പ്രേമം കൂടുതൽ ആളുകളിലേക്ക് എത്തിയത് വ്യത്യസ്‍തമായ ഈ പോസ്റ്റർ കൊണ്ട് തന്നെയായിരുന്നു.

മലയാളികൾ എപ്പോഴും ഉപയോഗിക്കുന്ന പ്രേമം എന്ന വാക്കിനെ വേറിട്ട രീതിയിൽ ഒരു പോസ്റ്ററിലേക്ക് കൊണ്ടുവന്നത് അന്ന് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അത്തരത്തിൽ ഒറ്റ നോട്ടത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച ചില സിനിമ പേരുകളും പോസ്റ്ററുകളുമുണ്ട്. ഈയിടെ ബസിൽ യാത്ര ചെയ്യുമ്പോഴാണ് റോഡ് സൈഡിൽ പൈങ്കിളി എന്ന പുതിയ സിനിമയുടെ പോസ്റ്ററിലേക്ക് ശ്രദ്ധ പോവുന്നത്.

ആവേശം എന്ന സിനിമയ്ക്ക് ശേഷം സജിൻ ഗോപു എന്ന മലയാളികളുടെ അമ്പാൻ നായകനാവുന്ന സിനിമയെന്നതിനുപരി വലിയ തോതിൽ ചർച്ചയായ സിനിമയല്ല പൈങ്കിളി. എന്നാൽ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആ പോസ്റ്റർ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. സിനിമയുടെ മൊത്തം സ്വഭാവത്തെ ഒരു ചെമ്പരത്തി പൂവിലൂടെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുള്ളത്. സജിൻ ഗോപു അഭിനയിച്ച സുകു എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ അടക്കം ആ പൂവുമായി കണക്ടഡാണ്.

യെല്ലോ ടൂത്ത്‌സ് എന്ന കമ്പനി പൈങ്കിളിയുടെ പോസ്റ്റർ ഡിസൈൻ ചെയ്തത്. ടൈറ്റിലിലൂടെ വലിയ ശ്രദ്ധ നേടിയ പ്രാവിൻകൂട് ഷാപ്പ്, തുടരും തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകളെല്ലാം എഡിറ്റ് ചെയ്തത് യെല്ലോ ടൂത്ത്‌സ് ആണ്. കഴിഞ്ഞ വർഷം വലിയ വിജയമായി മാറിയ സൂക്ഷ്മദർശിനി, മഞ്ഞുമ്മൽ ബോയ്സ്, ആട്ടം, പ്രേമലു തുടങ്ങിയ സിനിമകളുടെ ടൈറ്റിലെല്ലാം യെല്ലോ ടൂത്ത്‌സിന്റെ പ്രൊഡക്ടുകൾ ആയിരുന്നു. ഈ പോസ്റ്ററുകളില്ലെല്ലാം സിനിമയുടെ മൊത്തം സ്വഭാവവും പ്രേക്ഷർക്ക് കാണാൻ കഴിയും.

യെല്ലോ ടൂത്ത്‌സ് പോലെ തന്നെ തിളങ്ങി നിൽക്കുന്ന മറ്റൊരു ക്രിയേറ്റീവ് ഗ്രൂപ്പാണ് ഓൾഡ്മോങ്ക്സ്. പോസ്റ്ററിലൂടെ വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു മലൈക്കോട്ടെ വാലിബൻ. മലൈക്കോട്ടയിലെ വാലിബൻ എന്ന മല്ലന്റെ മുഴുവൻ ജീവിതവും ആ ടൈറ്റിലിലൂടെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ആടുജീവിതം, തുറമുഖം, തല്ലുമാല തുടങ്ങിയ ശ്രദ്ധേയമായ വർക്കുകൾ ഓൾഡ് മോങ്ക്സിന്റേതാണ്.

സിനിമയുടെ പേരും പോസ്റ്റർ ഡിസൈനും പ്രൊമോഷന്റെ അനന്തമായ സാധ്യതയാണ് ഇപ്പോൾ ഓരോ സിനിമകൾക്കും സമ്മാനിക്കുന്നത്. ആമേൻ, ഡബ്ബിൾ ബാരൽ, ന്നാ താൻ കേസ് കൊട്, മഹേഷിന്റെ പ്രതികാരം, ജോജി തുടങ്ങിയവയെല്ലാം ഈയിടെ ശ്രദ്ധ നേടിയ പേരുകളാണ്. പേരുകളിലെ കാഠിന്യം കാരണം വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളുമുണ്ട്.

ആദ്യ സിനിമയായ നോർത്ത് 24 കാതം എന്ന സിനിമയിലൂടെ തന്നെ പേരിലെ പുതുമ പരീക്ഷിച്ച സംവിധായകനാണ് അനിൽ രാധാകൃഷ്ണൻ മേനോൻ. സപ്തമശ്രീ തസ്‌കര ഹ , ലോർഡ് ലിവിങ്സ്റ്റൺ ഏഴായിരം കണ്ടി തുടങ്ങിയ സിനിമകളില്ലെല്ലാം ഇത് കാണാം. ഇവയിൽ ലോർഡ് ലിവിങ്സ്റ്റൺ ഏഴായിരം കണ്ടി നല്ല സിനിമയായിട്ടും ശ്രദ്ധിക്കപ്പെടാതിരുന്നത് ഈ പേരുകൊണ്ട് തന്നെയാവാം. വർണ്യത്തിൽ ആശങ്കയെല്ലാം ഇവയോട് ചേർത്ത് വെക്കാവുന്നതാണ്.

വൈശാലി, മണിച്ചിത്രത്താഴ്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ക്ലാസിക്ക് സിനിമകളിലെല്ലാം ഈ ടൈറ്റിൽ മാജിക്ക് കാണാം. വെറുമൊരു ടൈറ്റിൽ എന്നതിൽ നിന്ന് സിനിമയുടെ പ്രധാന പ്രമോഷൻ എന്ന നിലയിലേക്ക് പോസ്റ്റർ ഡിസൈനുകൾ മാറുമ്പോൾ സിനിമകൾ പോലെ ആകർഷണീയമായ പോസ്റ്ററുകൾ ഇനിയും വരുമെന്ന് ഉറപ്പാണ്.

 

Content Highlight: Analysis Of Malayalam Movie Posters And Names

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം