കേരളത്തിലെയും ഇന്ത്യയിലെയും പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ ചരിത്രപരമായി അനിവാര്യമായ പല പ്രവര്‍ത്തനങ്ങളും കടമകളും വഹിച്ചിട്ടുണ്ട്, ആ തരത്തില്‍ അവ പ്രാധാന്യം അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍ ലോകമാകെ നേരിടുന്ന കടുത്ത പാരിസ്ഥിതിക വെല്ലുവിളികളെയും പ്രാദേശികമായ അവയുടെ സ്വാധീനങ്ങളെയും, പൂര്‍ണമായും പ്രാദേശിക സ്വഭാവമുള്ള മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങേളെയും പ്രതിരോധിക്കാന്‍ ഇന്ന് നമ്മുടെ നാട്ടില്‍ നിലവിലുള്ള പരിസ്ഥിതി പ്രസ്ഥാനങ്ങളും പാരിസ്ഥിതിക അവബോധങ്ങളും പര്യാപ്തമാണോ? വ്യക്തികളുടെയും സംഘടനകളുടെയും ഏതാനും പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ അതിശയോക്തി കലര്‍ന്ന ആരാധനാ ഭാവത്തില്‍ അല്ലാതെ വിമര്‍ശനാത്മകമായും സത്യസന്ധമായും വിലയിരുത്തപ്പെട്ടിട്ടുണ്ടോ?
പാരിസ്ഥിതികാനന്തരത എന്ന് വിവര്‍ത്തനം ചെയ്യാവുന്ന, Post Environmentalism എന്ന് അമേരിക്കന്‍ സാഹചര്യത്തിലും Post Ecologism എന്ന് യൂറോപ്യന്‍ സാഹചര്യത്തിലും അറിയപ്പെടുന്ന ഒരു പറ്റം ചര്‍ച്ചകളെ പരിചയപ്പെടുത്താനാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റേതൊരു സൈദ്ധാന്തിക മുന്നേറ്റം പോലെ ഇവയും വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടവയാണ്. ഇവക്കെതിരെ വന്നിട്ടുള്ള ചില വിമര്‍ശനങ്ങളോട് ഈ ലേഖകനും പൂര്‍ണ യോജിപ്പാണ് ഉള്ളത്.
എന്നിരുന്നാലും, കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചേരി തിരിഞ്ഞുള്ള ചര്‍ച്ചകളെ ഒന്ന് അടുക്കിപ്പെറുക്കി വെക്കാന്‍ ഉപയോഗിക്കാവുന്ന ചില ചട്ടക്കൂടുകള്‍ ആയും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും അല്ലാത്തവര്‍ക്കും ആവശ്യമെങ്കില്‍ ചില പുനരാലോചനയും വീണ്ടുവിചാരങ്ങളും നടത്താവുന്ന ചില ചൂണ്ടുപലകകള്‍ ആയും ഈ കുറിപ്പുകളെ ഉപയോഗിക്കാവുന്നതാണ്.
2004ല്‍ ഗ്രിസ്റ്റ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച, Ted Nordhaus, Michael Shellenberger എന്നിവര്‍ ചേര്‍ന്ന് എഴുതിയ പരിസ്ഥിതികതയുടെ മരണം: പാരിസ്ഥിതികാനന്തര ലോകത്തെ ആഗോള താപനത്തിന്റ രാഷ്ട്രീയം (The Death of Environmentalism: Global Warming Politics in a post-environmental world’) എന്ന ഉപന്യാസം പാശ്ചാത്യ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും അക്കാദമിക്കുകള്‍ക്കും ഇടയില്‍ വലിയ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ത്തുകയുണ്ടായി. വിവിധതരം പരിസ്ഥിതി സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള പരിസ്ഥിതി പ്രവര്‍ത്തകരായാണ് ഈ ലേഖകര്‍ സ്വയം അടയാളപ്പെടുത്തുന്നത്.
ലോകത്തെ ഏറ്റവും ഭീകരമായി ബാധിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം പോലത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ശേഷിയില്ലാത്തതാണ് ആധുനിക (ആധുനികം എന്ന വാക്കിന്റെ ഉപയോഗം ആ സങ്കല്‍പനത്തിന്റെ ആഴവും സങ്കീര്‍ണതയും മനസ്സിലാക്കിക്കൊണ്ടുള്ളതാണോ എന്ന് സന്ദേഹിക്കാവുന്നതാണ്. ഇവിടെ സമകാലികം എന്ന അര്‍ത്ഥത്തില്‍ ആണ് ഉപയോഗിക്കുന്നത് എന്ന് കരുതാവുന്നതാണ്) പാരിസ്ഥിതികത എന്നതാണ് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന 25 മുഖ്യധാരാ പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ട ഈ ഉപന്യാസത്തിന്റെ ഒരു പ്രധാന വാദം.
Ted Nordhaus, Michael Shellenberger എന്നിവര്‍
ഇന്ന് നമ്മള്‍ കാണുന്ന വലിയ പ്രതിസന്ധികളെ നേരിടാന്‍ പാകത്തിനുള്ള സാമ്പത്തികവും രാഷ്ട്രീയപരവും സാംസ്‌കാരികവും ആയ മാറ്റങ്ങള്‍ വരുത്തുന്ന അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അമേരിക്കയിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ സമുദായം കഴിഞ്ഞ 30 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്ന ഒരു പ്രധാന ചോദ്യം ഈ ഉപന്യാസത്തിന്റെ മുഖവുരയില്‍ Peter Teague ചോദിക്കുന്നുണ്ട്.
‘മുഖ്യധാര പാരിസ്ഥിതികതയുടെ ആകര്‍ഷണശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു, നവീനാശയങ്ങള്‍ ഒന്നും മുന്നോട്ടുവെക്കാനില്ലാതെ അത് നാശത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്നു’ എന്ന് ഈ ഉപന്യാസം വാദിക്കുന്നു. നാല് പതിറ്റാണ്ടു കാലത്തെ പാരിസ്ഥിതിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ‘മൂന്നു ഘട്ട തന്ത്രങ്ങളെ’ (three-state strategies) മാത്രം അടിസ്ഥാനപ്പെടുത്തി ഉള്ളവ ആയിരുന്നു എന്ന് ഈ ലേഖകര്‍ വിമര്‍ശിക്കുന്നു. ഒരു പ്രശ്‌നത്തെ പാരിസ്ഥിതികം എന്ന് നിര്‍വചിക്കുന്നതാണ് ആദ്യഘട്ടം. ഇതിന് സാങ്കേതികമായ ഒരു പരിഹാരം രൂപപ്പെടുത്തുന്നതാണ് രണ്ടാം ഘട്ടം. ലോബിയിങ്, third-party allies, ഗവേഷണ റിപ്പോര്‍ട്ടുകള്‍, പരസ്യങ്ങള്‍, പബ്ലിക് റിലേഷന്‍സ് തുടങ്ങിയ തന്ത്രങ്ങള്‍ ഉപയോഗിച്ച് ഈ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ (technical proposasl) നിയമ നിര്‍മാതാക്കളുമായി വിക്രയം ചെയ്യുന്നതാണ് മൂന്നാം ഘട്ടം.
സാങ്കേതികമായ പരിഹാരങ്ങള്‍ക്ക് വേണ്ടിയുള്ള ഊന്നല്‍ എന്നത് പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് നേരെ ഉന്നയിക്കപ്പെടുന്ന ഒരു പ്രധാന പാരിസ്ഥിതികാനന്തര വിമര്‍ശനമാണ്. വിമര്‍ശനാത്മകതയുടെ മൂര്‍ച്ച പേറുന്ന, വലിയ സ്വാധീന ശേഷിയുള്ള ഒരു രാഷ്ട്രീയ ശക്തിയാകുന്നതില്‍ നിന്നും പാരിസ്ഥിതികതയെ തടയുന്നതില്‍ സാങ്കേതിക പരിഹാരങ്ങള്‍ക്ക് വേണ്ടിയുള്ള തിടുക്കം കാരണമായി. നയരൂപീകരണവുമായി ബന്ധപ്പെട്ട ഇടുങ്ങിയ മനോഭാവവും ഇതുമായി ചേര്‍ത്ത് പറയേണ്ടതാണ്. സാങ്കേതികമായ പരിഹാരങ്ങള്‍ പോലെ തന്നെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ നിയമനിര്‍മ്മാണപരമായ നിര്‍ദേശങ്ങളിലും അമിത ശ്രദ്ധാലുക്കളായി.
പരിസ്ഥിതി എന്നത് ഒരു വിഭാഗീയ താല്പര്യം ആയി മാറി എന്നതാണ് മറ്റൊരു വിമര്‍ശനം. പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഏതാനും ചില പരിസ്ഥിതി പ്രവര്‍ത്തകരുടെ സങ്കുചിത താല്പര്യമായി കാണുക വഴി അവ ഒരു വലിയ രാഷ്ട്രീയ അജണ്ടയുടെ കാതലായി മാറുന്നതില്‍ നിന്നും തടയപ്പെട്ടു. അവ വിശാല അര്‍ത്ഥത്തിലുള്ള സാമൂഹ്യ പ്രശ്‌നങ്ങളായി അവതരിക്കപ്പെട്ടില്ല. മറിച്ച് പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അവരുടേതായ നിലയില്‍ കൈകാര്യം ചെയ്യാവുന്നവയാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്ന ഒരു പ്രതീതി സൃഷ്ടിക്കപ്പെട്ടു.
ഫണ്ടിങ്ങുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വിമര്‍ശനം. 2000 ത്തിലെ ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ തെരഞ്ഞെടുപ്പിന് ശേഷം പരിസ്ഥിതിക്കുവേണ്ടിയുള്ള ഫണ്ടിങ്ങില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി. അപ്പപ്പോള്‍ സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങളെ ‘പാരിസ്ഥിതികം’ ആയി അടയാളപ്പെടുത്താന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വലിയ ഉത്സാഹം കാണിച്ചു. വലിയ പൊതുജന ശ്രദ്ധ കിട്ടുമായിരുന്ന പല പ്രശ്‌നങ്ങളും ഫണ്ടിംഗിന് വേണ്ടി ഇപ്രകാരം പാരിസ്ഥിതികം എന്ന് ചുരുക്കി അവതരിപ്പിക്കപ്പെട്ടു.
പരിസ്ഥിതി എന്ന സംഗതി, അത് എന്താണ് എന്നതില്‍ വലിയ വ്യക്തതയൊന്നും ഇല്ലെങ്കിലും, വലിയ രീതിയില്‍ മുഖ്യധാരാവല്ക്കരിക്കപ്പെടുന്നുണ്ട്. അതായത്, പാരിസ്ഥിതിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ഫലമായി പരിസ്ഥിതിക്കു വേണ്ടിയുള്ള ഒരു ആഴംകുറഞ്ഞ ഔത്സുക്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന പുതിയ ലോക വീക്ഷണങ്ങളെ പ്രതി എന്തെങ്കിലും തരത്തിലുള്ള സമൂലവും ആഴമേറിയതുമായ മാറ്റങ്ങളെ സ്വപ്നം കാണുന്നതിലോ മുന്നോട്ടു വെക്കുന്നതിലോ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിജയിച്ചില്ല.
അമേരിക്കന്‍ പോളിറ്റിയുടെ അപകടകരമായ വലതുപക്ഷവത്കരണത്തിലോ അതുമൂലം പരിസ്ഥിതിക്ക് ഉണ്ടാകാവുന്ന വലിയ നാശങ്ങളിലോ ഈ ഉപന്യാസത്തിനായി ഇന്റര്‍വ്യൂ ചെയ്യപ്പെട്ട 25 പേരില്‍ ഒരാള്‍ പോലും യാതൊരുവിധ ആശങ്കയും പ്രകടിപ്പിച്ചു കണ്ടില്ല എന്നകാര്യം ഇതിന്റെ ലേഖകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. പല പല വിഭാഗങ്ങളായി പിരിഞ്ഞു നില്‍ക്കുമ്പോഴും ഒരു സമുദായം എന്ന നിലയില്‍ ‘പരിസ്ഥിതി’ എന്നതുകൊണ്ട് ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ പോലും ഒരു യോജിപ്പിലെത്താന്‍ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. പരിസ്ഥിതി എന്നാല്‍ സവിശേഷമായ എന്തോ ഒന്നാണെന്നും മനുഷ്യര്‍ ആ സംഗതിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണെന്നും ഇവര്‍ വിചാരിക്കുന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പ്രതികരണങ്ങളെ ശേഖരിക്കാനോ ശ്രദ്ധിക്കാനോ ഒരു മാര്‍ഗ്ഗവും ഇവര്‍ ഉണ്ടാക്കിയിട്ടില്ല. ആത്മപരിശോധനകളോ വിലയിരുത്തലുകളോ ഇവര്‍ നടത്താറില്ല.
ഇപ്രകാരം പാരിസ്ഥിതികാനന്തരത ഒരേസമയം മുഖ്യധാരാ പരിസ്ഥിതി പ്രവര്‍ത്തനം, പാരിസ്ഥിതിക ചിന്ത, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ തുടങ്ങിയവക്കെതിരായ ഒരു വിമര്‍ശനമാണ്. അതേസമയം തന്നെ പാരിസ്ഥിതികതയുമായി ബന്ധപ്പെട്ട ഒരു പുതിയ സമീപനവുമാണ്. മുഖ്യധാരാ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ എക്കാലവും എതിര്‍ത്തിട്ടുള്ള ഇക്കളോജിക്കല്‍ മോഡണൈസേഷന്‍ പോലുള്ള സമീപനങ്ങളെയും ന്യൂക്ലിയര്‍ എനര്‍ജി, ജനിതക സാങ്കേതിക വിദ്യ തുടങ്ങിയവയെയും ഒക്കെ Post environmentalism അന്ധമായി സ്വാഗതം ചെയ്യുന്നത് ഈ സമീപനത്തിന്റെ ന്യുനതകളാണ്. അത്തരം കാര്യങ്ങളെ ഒഴിച്ചുനിര്‍ത്തി, പാരിസ്ഥിതിക പ്രസ്ഥാനങ്ങളുടെ ഒരു പുനര്‍ വിചിന്തന സഹായി എന്ന നിലക്ക് ഈ ഉപന്യാസം ഉപയോഗപ്പെടുത്താവുന്നതാണ്. അമേരിക്കന്‍ സാഹചര്യത്തില്‍ ആണ് പ്രധാനമായും ഈ ഉപന്യാസം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാകാം, ഈ പ്രബന്ധത്തിനും ഇത് മുന്നോട്ടു വെക്കുന്ന സമീപന രീതിക്കും യാന്ത്രികവും അതിലളിതവുമായ ഒരു കാഴ്ചപ്പാടാണ് ഉള്ളത്. യൂറോപ്യന്‍ സാഹചര്യത്തില്‍ കുറേക്കൂടി ആഴമുള്ളതും, സങ്കീര്‍ണതകള്‍ അഭിമുഖീകരിക്കുന്ന തരത്തിലുള്ളതുമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ തുടര്‍ന്നുള്ള എഴുത്തില്‍ വിശദീകരിക്കാം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: An introduction to post ecologism – Ranjith Kalyani writes