Daily News
അശാസ്ത്രീയ മീന്‍പിടുത്തം; മത്തിയുടെ അളവ് കുറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jun 11, 03:05 am
Wednesday, 11th June 2014, 8:35 am

[] കൊച്ചി: മീന്‍പിടുത്തത്തിലെ അശാസ്ത്രീയ കാരണം കേരളത്തിലെ മത്തിയുടെ അളവ് കുറയുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2012ല്‍ കേരളത്തില്‍ ആറ് ലക്ഷം ടണ്‍ മത്തി ലഭിച്ചിരുന്നു. 2013ല്‍ 1.2 ലക്ഷം ടണ്‍ മത്തിയുടെ കുറവുണ്ടായി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മല്‌സ്യത്തിന്റെ ലഭ്യത കുറഞ്ഞു. അതേസമയം തമിഴ്‌നാട് അടക്കം ആറ് സംസ്ഥാനങ്ങളില്‍ മല്‌സ്യ ലഭ്യത കുടിയിട്ടുണ്ട്.

കേരളത്തില്‍ മത്തിയുടെ ലഭ്യത കുറഞ്ഞതിനു കാരണം പഴ്‌സിന്‍വല ഉപയോഗിച്ച് നടത്തുന്ന മല്‍സ്യബന്ധനമാണെന്ന് പഠനം വ്യക്തമാക്കുന്നതായി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. മല്‍സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകളുടെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നു.

വലക്കണ്ണികളുടെ അളവ് കുറവുള്ള വലയാണ് പഴ്‌സിന്‍വല. ഈ വല ഉപയോഗിച്ച് കടലിന്റെ അടിത്തട്ടില്‍ നടത്തുന്ന മല്‍സ്യബന്ധനം തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യത ഇനിയും കുറയും.