NATIONALNEWS
ബി.ആര്‍.എസും കോണ്‍ഗ്രസും തെലങ്കാനയില്‍ നടപ്പാക്കിയ മുസ്‌ലിം സംവരണം അവസാനിപ്പിക്കും: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 25, 06:14 pm
Thursday, 25th April 2024, 11:44 pm

ഹൈദരാബാദ്: വിവാദ പരാമര്‍ശങ്ങള്‍ നിര്‍ത്താതെ കേന്ദ്ര മന്ത്രി അമിത് ഷാ. തെലങ്കാനയില്‍ ബി.ആര്‍.എസ്സും കോണ്‍ഗ്രസും സംയുക്തമായി നടപ്പിലാക്കിയ മുസ്‌ലിം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ. സിദ്ദിപേട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് അമിത് ഷായുടെ പരാമര്‍ശം.

നിലവിലുള്ള സംവരണം റദ്ദാക്കിയ ശേഷം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കായി വീതിച്ച് നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. ഇത് ബി.ജെപിയുടെ തീരുമാനമാണെന്നും ആരും എതിര്‍ക്കേണ്ടതില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് തെലങ്കാനയെ എ.ടി.എം ആക്കുമെന്നും അമിത് ഷാ ആരോപിച്ചു. ടി.ആര്‍.എസ് ഭരണകാലത്തെ അഴിമതികള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അന്വേഷിക്കുന്നില്ലെന്നും ഷാ പറഞ്ഞു. ടി.ആര്‍.എസും കോണ്‍ഗ്രസും സംസ്ഥാനത്ത് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്നാം തവണയും നരേന്ദ്ര മോദിയെ തെരഞ്ഞെടുത്താല്‍ അദ്ദേഹം തെലങ്കാനയെ അഴിമതിയില്‍ നിന്ന് മോചിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. മജ്‌ലിസിനെ ഭയന്ന് കോണ്‍ഗ്രസും ടി.ആര്‍.എസും തെലങ്കാന വിമോചന ദിനം ആഘോഷിക്കുന്നില്ലെന്ന് അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എമ്മിനെ കടന്നാക്രമിച്ചുകൊണ്ട് ഷാ ആരോപിച്ചു.

കോണ്‍ഗ്രസും ടി.ആര്‍.എസും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീരിനെ മോദി ഇന്ത്യയുമായി സംയോജിപ്പിച്ചെന്നും അമിത് ഷാ പറയുകയുണ്ടായി.

ഇതിനുപുറമെ തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റുകളില്‍ 12 എണ്ണവും എന്‍.ഡി.എ പിടിച്ചെടുക്കുമെന്നും ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ തെലങ്കാനയിലെ 17 മണ്ഡലങ്ങളില്‍ മെയ് 13ന് വോട്ടെടുപ്പ് നടക്കും.

Content Highlight: Amit Shah will end Muslim reservation implemented by BRS and Congress in Telangana