India
പ്രതികാരത്തിനായി ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യാന്‍ മുസഫര്‍നഗര്‍ കലാപബാധിതരോട് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Apr 05, 09:26 am
Saturday, 5th April 2014, 2:56 pm

[share]

[] മുസഫര്‍നഗര്‍: മുസഫര്‍നഗറിലെ വോട്ടര്‍മാരോട് വിവാദ ആഹ്വാനം നടത്തി ബി.ജെ.പി നേതാവ് അമിത് ഷാ. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രതികാരത്തിന്റേയും അഭിമാനത്തിന്റേതുമാണെന്ന് മുസഫര്‍നഗറിലെ ജാട്ട് വോട്ടര്‍മാരോട് ഉത്തര്‍പ്രദേശിന്റെ തിരെഞ്ഞെടുപ്പ് ചുമതലയുള്ള  അമിത് ഷായുടെ ആഹ്വാനം.

പ്രതികാരം വേണമെങ്കില്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യുക. ഒരാള്‍ക്ക് ഭക്ഷണവും ഉറക്കവുമില്ലാതെ ജീവിക്കാം. ദാഹിച്ചും വിശന്നും ജീവിക്കും. എന്നാല്‍ നിന്ദിതനായി അയാള്‍ക്ക് ജീവിക്കാന്‍ കഴിയില്ല- അമിത് ഷാ വ്യക്തമാക്കി.  ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ജാട്ട് ഗ്രാമത്തിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഈ തിരഞ്ഞെടുപ്പ് ജാട്ടുകളെ കൊല ചെയ്തവരെ സംരക്ഷിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്ന സര്‍ക്കാറിനെ പരാജയപ്പെടുത്തുവാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മുസഫര്‍നഗര്‍ കലാപത്തില്‍ കുറ്റാരോപിതനായ ബി.ജെ.പി നിയമസഭാ അംഗം സുരേഷ് റാണയോടൊപ്പമായിരുന്നു അമിത് ഷാ ചടങ്ങില്‍ സംബന്ധിച്ചത്.

വിവാദ പ്രസംഗത്തെ തുടര്‍ന്ന് അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. പ്രകോപനപരമായ പ്രസംഗത്തിന് അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്നും പ്രചാരണം നടത്തുന്നതില്‍നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. എന്നാല്‍ ഷായെ ന്യായീകരിച്ച് ബി.ജെ.പി രംഗത്തത്തെി. മുസഫര്‍നഗര്‍ കലാപത്തിലെ ഇരകളെ അപമാനിച്ചതിന് പ്രതികാരം ചെയ്യാനാണ് അമിത് ഷാ ആവശ്യപ്പെട്ടതെന്ന് ബി.ജെ.പി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്വി ന്യായീകരിച്ചു.