കാക്കത്തൊള്ളായിരം, മിന്നാരം, മിഥുനം, മീനത്തില്‍ താലിക്കെട്ട്, ഒരു വടക്കന്‍ വീരഗാഥ, വാത്സല്യം, പുറപ്പാട്, കാക്കയ്ക്കും പൂച്ചക്കും കല്യാണം, ദളപതി, മൃത്യുഞ്ജയം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ബാലതാരമായി എത്തിയിട്ടുള്ള നടിയാണ് അമ്പിളി.
നിരവധി സിനിമകളിലൂടെ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ കൂടെ അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു. മമ്മൂട്ടി വഴി കമല്‍ ഹാസന്റെ മഹാനദി (1994) എന്ന സിനിമയില്‍ അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ വേണ്ടെന്ന് വെച്ചുവെന്നും പറയുകയാണ് അമ്പിളി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ സംസാരിക്കുകയായിരുന്നു നടി.
‘മമ്മൂക്ക വഴി കമല്‍ സാറിന്റെ മഹാനദിയില്‍ എന്നെ കാസ്റ്റ് ചെയ്തിരുന്നു. പിന്നെ മണിരത്‌നം സാറിന്റെ അഞ്ജലിയിലും കാസ്റ്റ് ചെയ്തിരുന്നു. അതില്‍ സുകുമാരി അമ്മ വഴിയായിരുന്നു ഞാന്‍ എത്തിയത്. അന്ന് തമിഴ് സിനിമകളിലേക്കൊക്കെ എന്നെ കാസ്റ്റ് ചെയ്തിരുന്നു.
പക്ഷെ ഒരു തമിഴ് സിനിമ ചെയ്യണമെങ്കില്‍ സ്‌കൂളില്‍ നിന്നും ആറ് മാസമോ ഒരു വര്‍ഷമോ ലീവ് എടുക്കേണ്ടി വരുമായിരുന്നു. എന്റെ അമ്മ ടീച്ചറാണ്. അതുകൊണ്ട് ‘പഠിത്തം ഒഴിവാക്കിയിട്ടുള്ള പണി വേണ്ട’ എന്നായിരുന്നു അമ്മ പറയാറുള്ളത്.
അന്ന് ഞങ്ങള്‍ക്ക് സിനിമയുടെ സാധ്യതയൊന്നും അറിയില്ലായിരുന്നു. പിന്നെ സ്‌കൂളില്‍ പഠിച്ചിട്ടില്ലെങ്കിലും ബുദ്ധിമുട്ടാണ്. ഒരു കൊല്ലമൊക്കെ സ്‌കൂളില്‍ പോകാതിരിക്കുക എന്ന് പറയുന്നത് തമിഴ് സിനിമയിലൊക്കെ സ്ഥിരമായിരുന്നു.
കാരണം അവിടെ ഒരു സിനിമ ചെയ്യാന്‍ കുറഞ്ഞത് ആറ് മാസമോ ഒരു വര്‍ഷമോ സമയം വേണമായിരുന്നു. അതേസമയം ഇവിടെ നമുക്ക് മലയാളത്തില്‍ ഒരു സിനിമ ഷൂട്ട് ചെയ്യാന്‍ 28 ദിവസമോ ഒന്നര മാസമോ മതിയാകും. ഞാന്‍ കൊല്ലത്തില്‍ പതിമൂന്നോ പതിനാലോ സിനിമകള്‍ ചെയ്ത സമയം ഉണ്ടായിട്ടുണ്ട്,’ അമ്പിളി പറയുന്നു.
Content Highlight: Ambili Talks About Mammootty And Kamal Haasan’s Mahanadhi Movie