വാഷിംഗ്ടണ്‍: ഇ കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഡെലിവറി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘദൂര യാത്രകളില്‍ ഡെലിവറി ജീവനക്കാര്‍ക്ക് പ്ലാസ്റ്റിക്ക് കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടി വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആദ്യഘട്ടത്തില്‍ ആമസോണ്‍ വാര്‍ത്ത നിഷേധിച്ചുവെങ്കിലും പിന്നീട് കമ്പനിക്കുള്ളില്‍ നിന്ന് തന്നെ പുറത്തുവന്ന രേഖകള്‍ ആമസോണിന് ഡെലിവറി ഏജന്റുമാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിയുമെന്ന് വ്യക്തമാക്കുന്നതായിരുന്നു.
ഇതോടെ ജീവനക്കാര്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ കമ്പനിക്ക് ഉത്തരം പറയേണ്ടി വന്നിരിക്കുകയാണ്. ജോലി സംരക്ഷിക്കാനായാണ് പല ജീവനക്കാരും കമ്പനിക്കുള്ളില്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറയാത്തതെന്നും ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാസ്റ്റിക്ക് ബോട്ടിലുകളിലും കവറുകളിലുമായി ഡെലിവറി ഏജന്റുമാര്‍ക്ക് മലമൂത്ര വിസര്‍ജനം ചെയ്യേണ്ടി വരുന്നുവെന്ന റിപ്പോര്‍ട്ട് വലിയ വിവാദമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ നടത്തുമ്പോള്‍ ബാത്ത് റൂം സൗകര്യം പലപ്പോഴും ഉണ്ടാകാറില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ജോലി നഷ്ടമാകുന്നതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും തുറന്നു പറയാന്‍ സാധിക്കാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല തൊഴിലാളികള്‍ അനുവഭിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ആമസോണ്‍ വിവാദത്തിലാകുന്നത്.
ആമസോണിലെ അലബാമ വെയര്‍ ഹൗസില്‍ തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ആരംഭിക്കാനിരിക്കേ ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ സെനറ്റര്‍ ബേണി സാന്‍ഡേഴ്സ് മുന്നോട്ടുവന്നിരുന്നു. ഈ നികൃഷ്ടമായ യൂണിയന്‍ വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ബേണി സാന്‍ഡേഴ്സ് ജെഫ് ബെസോസിനോട് ആവശ്യപ്പെട്ടത്.
ആമസോണിലെ അലബാമ വെയര്‍ ഹൗസില്‍ തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ തൊഴിലാളികളെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കമ്പനി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രധാനമായും കറുത്ത വര്‍ഗക്കാര്‍ ജോലി ചെയ്യുന്ന അലബാമ വെയര്‍ഹൗസില്‍ തൊഴിലാളി ചൂഷണം കടുത്തതോടെയാണ് യൂണിയന്‍ ആരംഭിക്കാന്‍ ഇവിടുത്ത വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പദ്ധതിയിട്ടത്.