Entertainment
അന്ന് മമ്മൂക്കയെ കാണുമ്പോള്‍ എന്റെ കണ്ണ് നിറയുമായിരുന്നു: അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 11, 07:19 am
Tuesday, 11th March 2025, 12:49 pm

തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ് അമല പോള്‍. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി കൂടിയാണ് അമല. 2009ല്‍ നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിച്ചത്. 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മൈനയിലും അമല അഭിനയിച്ചിരുന്നു.

മൈനയിലെ അഭിനയത്തിന് അമല പോളിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സ്‌റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍ എന്ന സിനിമയിലും അമല അഭിനയിച്ചിരുന്നു. ഇപ്പോള്‍ പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും ക്രിസ്റ്റഫര്‍ സിനിമയുടെ സെറ്റിലെ അനുഭവത്തെ കുറിച്ചും സംസാരിക്കുകയാണ് അമല പോള്‍.

ക്രിസ്റ്റഫര്‍ സിനിമയുടെ സമയത്ത് സെറ്റില്‍ മമ്മൂക്ക വരാനായി ഞാന്‍ കാത്തിരിക്കുമായിരുന്നു. അദ്ദേഹം വന്നയുടനെ ഞാന്‍ അടുത്ത് പോയി ഇരിക്കും. ഒരുതവണ സമയവും നേരവുമൊക്കെ നോക്കിയിട്ട് എനിക്ക് മമ്മൂക്കയോട് രണ്ട് ചോദ്യങ്ങളുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഇക്ക പറഞ്ഞത് ‘ആദ്യം രണ്ടാമത്തെ ചോദ്യം ചോദിക്കൂ’ എന്നായിരുന്നു (ചിരി).

അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തത് ശരിക്കും അടിപൊളിയായ ഒരു എക്സ്പീരിയന്‍സ് തന്നെയായിരുന്നു. ഞാന്‍ മമ്മൂക്കയുടെ ഒരു ഫാന്‍ ഗേളാണ്. ചെറുപ്പം മുതല്‍ക്കേ ഞാനും എന്റെ സഹോദരനും അദ്ദേഹത്തിന്റെ ആരാധകരാണ്. എന്നാല്‍ എനിക്ക് ക്രിസ്റ്റഫര്‍ എന്ന സിനിമയിലാണ് ആദ്യമായി അദ്ദേഹത്തോടൊപ്പം ഒരുപാട് വര്‍ക്ക് ചെയ്യാന്‍ സാധിച്ചത്.

അതുകൊണ്ട് തന്നെ ആ സമയത്ത് ഞാന്‍ ഒരുപാട് എക്സൈറ്റഡായിരുന്നു. എനിക്ക് ഒരുപാട് സന്തോഷവും തോന്നിയിരുന്നു. അന്നൊക്കെ മമ്മൂക്ക കാരവാനില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ഞാന്‍ വാ തുറന്ന് നില്‍ക്കും. അദ്ദേഹത്തോട് ഞാന്‍ എന്റെ ഡയലോഗ് പറയുമ്പോള്‍ എന്റെ മുന്നില്‍ പല പല സിനിമയിലെയും മമ്മൂക്കയെ ആയിരുന്നു കണ്ടത്.

ആ സമയത്ത് എനിക്ക് മമ്മൂക്കയെ കാണുമ്പോള്‍ രോമാഞ്ചം വരികയും കണ്ണ് നിറയുകയുമായിരുന്നു ചെയ്തത്. അതുപോലെ എന്റെ ജീവിതത്തില്‍ ഞാന്‍ അത്രയും ഡയലോഗ് പ്രാക്ടീസ് ചെയ്തിട്ടില്ല. ഒരുപാട് പഠിച്ചിരുന്നു.

അങ്ങനെ പഠിച്ചിരുന്നെങ്കില്‍ ഞാന്‍ കളക്ടറായേനേ (ചിരി). ഡയലോഗുകള്‍ അത്രയും കഷ്ടപ്പെട്ട് പഠിക്കുകയായിരുന്നു ഞാന്‍. പിന്നെ അദ്ദേഹത്തില്‍ നിന്ന് വഴക്ക് കേട്ടിരുന്നോയെന്ന് ചോദിച്ചാല്‍, എനിക്ക് മമ്മൂക്കയില്‍ നിന്ന് വഴക്കൊന്നും കിട്ടിയിട്ടില്ല. അദ്ദേഹം വളരെ ചില്‍ ആയ മനുഷ്യനാണ്,’ അമല പോള്‍ പറയുന്നു.

Content Highlight: Amala Paul Talks About Mammootty