പൂനെയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനിയറായ പരിതോഷ് ഉത്തം എഴുതിയ ഡ്രീംസ് ഇന്‍ പ്രഷന്‍ ബ്‌ളൂ എന്ന ഇംഗ്ലീഷ് നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ട്ടിസ്റ്റ്. ഫഹദ് ഫാസില്‍, ആന്‍ അഗസ്റ്റിന്‍, ശ്രീറാം രാമചന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ആര്‍ട്ടിസ്റ്റില്‍ ആന്‍ അഗസ്റ്റിന്‍ ചെയ്ത കഥാപാത്രം താന്‍ ചെയേണ്ടതായിരുന്നെന്ന് അമല പോള്‍ പറയുന്നു. ശ്യാമ പ്രസാദ് ആദ്യം തന്നോടാണ് കഥ വന്ന് പറഞ്ഞെതെന്നും തനിക്ക് ആ കഥാപാത്രം വളരെ ഇഷ്ടപ്പെട്ടെന്നും അമല പോള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ സമയത്ത് തന്റെ ഒരു തെലുങ്ക് പടത്തിന്റെ ഡേറ്റുമായി അത് ക്ലാഷ് വന്നത് കൊണ്ട് തനിക്ക് ചെയ്യാന്‍ പറ്റിയില്ലെന്നും അമല പറയുന്നു.
സിനിമ ഇറങ്ങിയതിന് ശേഷം തിയേറ്ററില്‍ അത് കണ്ടപ്പോള്‍ വിഷമമായെന്നും അത് തനിക്ക് ചെയ്യാന്‍ പറ്റിയെങ്കില്‍ എന്ന് ആഗ്രഹിച്ചുവെന്നും അവര്‍ പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമല.
‘ശ്യാമപ്രസാദ് സാര്‍ ഫഹദിനെയും ആന്‍ അഗസ്റ്റിനെയും വെച്ച് ചെയ്ത ആര്‍ട്ടിസ്റ്റ് എന്ന ചിത്രം ഞാന്‍ ചെയ്യേണ്ടതായിരുന്നു. എന്നോടാണ് ആദ്യം അദ്ദേഹം കഥ വന്ന് പറഞ്ഞത്. ഞാന്‍ തന്നെ ചെയ്യാം എന്ന് തീരുമാനിച്ചതായിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമായ കഥാപാത്രമായിരുന്നു ആ ചിത്രത്തിലേത്.
പക്ഷെ നിര്‍ഭാഗ്യവശാല്‍ എന്റെ ഒരു തെലുങ്ക് സിനിമയുടെ ഡേറ്റ് തമ്മില്‍ പ്രശ്നം വന്നത് കൊണ്ട് അത് ചെയ്യാന്‍ പറ്റാതെ പോയി. എനിക്ക് കുറെ കാലത്തേക്ക് വിഷമം ആയിരുന്നു അത് ചെയ്യാന്‍ കഴിയാത്തതില്‍. തിയേറ്ററില്‍ ആ സിനിമ കണ്ടപ്പോള്‍ ഒന്നുകൂടെ വിഷമമായി. എനിക്ക് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നി,’ അമല പോള്‍ പറയുന്നു.