ആടുജീവിതത്തിലെ സൈനു എന്ന കഥാപാത്രം തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന് അമല പോൾ. താൻ ആദ്യമായിട്ടാണ് മുസ്‌ലിം കഥാപാത്രം സിനിമയിൽ ചെയ്യുന്നതെന്നും അമല പോൾ പറഞ്ഞു. സൈനു എന്ന കഥാപാത്രമായി മാറാൻ സംവിധായകൻ ബ്ലെസിയായിരുന്നു തന്റെ റഫറൻസ് എന്നും അമല കൂട്ടിച്ചേർത്തു. മാതൃഭൂമിയുടെ വാരാന്ത്യ പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ആടുജീവിതത്തിലെ സൈനു എന്ന കഥാപാത്രം എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഞാൻ ആദ്യമായിട്ടാണ് ഒരു മുസ്‌ലിം കഥാപാത്ര സിനിമയിൽ അവതരിപ്പിക്കുന്നത്. സൈനു എന്ന കഥാപാത്രമായി മാറാൻ ബ്ലെസിയേട്ടൻ ആയിരുന്നു എന്റെ പ്രധാന റഫറൻസ്.
നന്നായി അഭിനയിച്ചു കാണിച്ചു തരുന്ന ഒരാളെ എന്ന നിലയിൽ ബ്ലെസ്സിയേട്ടൻ എന്റെ മുന്നിലേക്ക് സൈനുവിന്റെ കൃത്യമായി വരച്ചിട്ടുണ്ട്. അവളുടെ സന്തോഷവും ഒക്കെ വളരെ ഭംഗിയായാണ് ബ്ലെസിയേട്ടൻ അഭിനയിച്ചു കാണിച്ചത്. നജീബും സൈനുവും തമ്മിലുള്ള പ്രണയത്തിന്റെയും സ്നേഹത്തിന്റെയും കെമിസ്ട്രി വളരെ നന്നായി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സൈനുവായി മാറാൻ എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല,’ അമല പോൾ പറഞ്ഞു.
ചിത്രത്തിൽ വെല്ലുവിളി നേരിട്ട സീനിനെക്കുറിച്ചും അമല പോൾ സംസാരിക്കുന്നുണ്ട്. ‘സൈനു ആയപ്പോൾ കരച്ചിലിന്റെ പലതലങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്. ആടുജീവിതം സമ്മാനിച്ച ഏറ്റവും വലിയ നടനാനുഭവം ഈ കരച്ചിൽ തന്നെയാണെന്നാണ് കരുതുന്നത്. സിനിമയിൽ നജീബ് ഗൾഫിലേക്ക് പോകുമ്പോൾ യാത്രയാക്കാൻ സൈനു റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ഒരു സീൻ ഉണ്ട്.
പ്രിയപ്പെട്ടവൻ യാത്ര പറഞ്ഞു പോകുന്ന വൈകാരികമായ ആ സീനിൽ കരച്ചിൽ എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. കാരണം ആ സീനിൽ കരച്ചിൽ അല്ല വേണ്ടത്, കരയാതെ കരയുന്ന സൈനുവിനെയാണ് വേണ്ടത് എന്നാണ് ബ്ലെസിയേട്ടൻ പറഞ്ഞത്. ആ സീൻ ചെയ്യുമ്പോൾ എനിക്ക് വല്ലാതെ ഫീൽ ചെയ്തിരുന്നു. കരയാതെ കരയുന്ന സൈനുവിന്റെ അവതരിപ്പിക്കാൻ എനിക്ക് സാധിച്ചു എന്ന് ബ്ലെസിയേട്ടൻ പിന്നീട് പറഞ്ഞപ്പോഴാണ് അതിന്റെ ആഴം ഞാനും അറിയുന്നത്,’ അമല പോൾ പറഞ്ഞു.
Content Highlight: Amala paul about how she handled the sainu’s character