കമല്‍ ഹാസന്‍ സാര്‍ ഒരു ഫിലിം സ്‌കൂള്‍ തുടങ്ങട്ടെ, അവിടെ ക്രിസ്റ്റഫര്‍ നോളനും സ്റ്റീഫന്‍ സ്പില്‍ബര്‍ഗും വന്ന് ക്ലാസെടുക്കണം: അല്‍ഫോണ്‍സ് പുത്രന്‍
Film News
കമല്‍ ഹാസന്‍ സാര്‍ ഒരു ഫിലിം സ്‌കൂള്‍ തുടങ്ങട്ടെ, അവിടെ ക്രിസ്റ്റഫര്‍ നോളനും സ്റ്റീഫന്‍ സ്പില്‍ബര്‍ഗും വന്ന് ക്ലാസെടുക്കണം: അല്‍ഫോണ്‍സ് പുത്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th July 2022, 4:05 pm

തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ പലപ്പോഴും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. സിനിമ മുതല്‍ സുപ്രീം കോടതി വരെയുള്ള വിഷയങ്ങളെ പറ്റി അദ്ദേഹം പോസ്റ്റുകളിടാറുണ്ട്. ഇപ്പോള്‍ അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത് കമല്‍ ഹാസന്‍ ഫിലിം സ്‌കൂള്‍ തുടങ്ങുന്നതിനെ പറ്റിയാണ്. കമല്‍ ഹാസന്‍ സാര്‍ ഒരു ഫിലിം സ്‌കൂള്‍ തുടങ്ങാന്‍ പ്രപഞ്ചത്തിലെ സകല ദേവന്മാരോടും ദേവതമാരോടും താന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും ആ സ്‌കൂളില്‍ ഭാരതി രാജാ മുതല്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് വരെയുള്ളവര്‍ വന്ന് ക്ലാസ് എടുക്കട്ടെയെന്നും അദ്ദേഹം കുറിക്കുന്നു.

‘പ്രപഞ്ചത്തിലെ എല്ലാം ദേവന്മാരോടും ദേവതകളോടും കമല്‍ ഹാസന്‍ സര്‍ ഒരു ഫിലിം സ്‌കൂള്‍ തുടങ്ങാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. അഭിനയിക്കാനോ, സംവിധാനം ചെയ്യാനോ അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ദിവസവും 45 മിനിട്ട് അദ്ദേഹം ക്ലാസെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ അദ്ദേഹം സ്‌കൂള്‍ തുടങ്ങുകയാണെങ്കില്‍ ഭാരതി രാജാ സാര്‍, ശങ്കര്‍ സാര്‍, ഫാസില്‍ സാര്‍, പ്രിയദര്‍ശന്‍ സാര്‍, എസ്. എസ്. രാജമൗലി സാര്‍, സന്താന ഭാരതി സാര്‍ എന്നിവര്‍ വിസിറ്റിങ് പ്രൊഫസര്‍മാരാവട്ടെ.

പിന്നെ ഉലകനായകന്‍ ഒന്ന് പ്രയത്‌നിക്കുകയാണെങ്കില്‍ സിനിമാ സാങ്കേതികവിദ്യയിലും എഴുത്തിലും ക്ലാസെടുക്കാന്‍ ക്രിസ്റ്റഫര്‍ നോളന്‍ സാറിനോട് വിസിറ്റിങ് പ്രൊഫസറായി വരാന്‍ ആവശ്യപ്പെടാം. ചിലപ്പോള്‍ ഒരു ദിവസം സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് സാറും ജെയിംസ് കാമറൂണ്‍ സാറും വന്ന് ക്ലാസെടുക്കുമായിരിക്കും, ദൈവത്തിന് മാത്രം അറിയാം. ഇത്രയധികം തവണ സാര്‍ എന്ന് ആവര്‍ത്തിച്ചതിന് എന്നോട് ക്ഷമിക്കൂ. പലര്‍ക്കും ഇത് വിഡ്ഢിത്തമായി തോന്നാം….പക്ഷെ അവര്‍ അവരുടെ സിനിമകളിലൂടെ എന്റെ വെര്‍ച്വല്‍ ഫിലിം പ്രൊഫസര്‍മാരാണ്,’ അല്‍ഫോണ്‍സ് കുറിച്ചു.

ഒരിടവേളക്ക് ശേഷം കമല്‍ ഹാസന്‍ നായകനായ വിക്രം ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍ വിജയ് സേതുപതി, സൂര്യ എന്നിവര്‍ അഭിനയിച്ച വിക്രം നിരൂപക പ്രശംസക്ക് ഒപ്പം വാണിജ്യ വിജയവും നേടിയിരുന്നു. വിക്രത്തെ പ്രശംസിച്ചും അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം അല്‍ഫോണ്‍സിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗോള്‍ഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പൃഥ്വിരാജ്, നയന്‍താര എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഗോള്‍ഡിലെത്തുന്നുണ്ട്.

Content Highlight: Alphonse Puthren says Kamal Haasan should start a film school where Christopher Nolan and Stephen Spielberg should take classes