Entertainment news
'നയന്‍താര പിന്നെ ജപ്പാന്‍ക്കാരി ആണല്ലോ'; വൈറലായി അല്‍ഫോന്‍സ് പുത്രന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 06, 03:10 pm
Monday, 6th June 2022, 8:40 pm

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. ചിത്രത്തിനായുള്ള പ്രതീക്ഷകള്‍ വാനോളമാണ്. പ്രേക്ഷകര്‍ക്ക് വേണ്ടി സിനിമയുടെ പോസ്റ്റര്‍ ഇന്ന് അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു.

കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള കളര്‍ ഫുള്‍ പോസ്റ്റായിരുന്നു പുറത്ത് വിട്ടത്. തലതിരിഞ്ഞ രീതിയിലും ചില കഥാപാത്രങ്ങള്‍ പോസ്റ്ററില്‍ ഉണ്ടായിരുന്നു. പോസ്റ്റര്‍ പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി, പോസ്റ്റിന് അടിയില്‍ നിരവധി കമന്റുകള്‍ ചിത്രത്തെ പറ്റി വന്നിരുന്നു.

‘മലയാളത്തില്‍ ഇത്രേം നടികള്‍ ഉള്ളപ്പോള്‍, എന്തിന് നയന്‍താര’ എന്നായിരുന്നു പോസ്റ്റിന് വന്ന ഒരു കമന്റ്. ആ കമന്റിന് അല്‍ഫോന്‍സ് ശൈലിയില്‍ തന്നെ അദ്ദേഹം മറുപടിയും നല്‍കി ‘നയന്‍താര പിന്നെ ജപ്പാന്‍കാരി ആണല്ലോ എന്റെ അറിവില്‍ പുള്ളിക്കാരി മലയാളിയാണ്. ടാലന്റും ഉണ്ടെന്നാണ് സിനിമ ഷൂട്ട് ചെയ്തപ്പോള്‍ എനിക്ക് മനസിലായത്’ എന്നാണ് അല്‍ഫോന്‍സ് കമന്റിന് മറുപടിയായി നല്‍കിയത്.

കമന്റ് എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കുറിക്ക് കൊള്ളുന്ന മറുപടിയാണ് അല്‍ഫോന്‍സ് നല്‍കിയത് എന്ന പേരിലാണ് ആളുകള്‍ കമന്റ് സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെക്കുന്നത്.

നയന്‍താരയും പൃഥ്വിരാജുമാണ് ഗോള്‍ഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഗോള്‍ഡിലെത്തുന്നുണ്ട്.

പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കോംബോയില്‍ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം.

Content Highlight : Alphonse Puthran replies to a comment criticising the casting of Nayanathara in Gold Movie