പൗരന്മാര്‍ക്കില്ലാത്ത ദീര്‍ഘകാല അവധി കോടതിക്ക് എന്തിന്, ബ്രിട്ടീഷ് നിയമങ്ങള്‍ മാത്രം മാറ്റിയാല്‍ മതിയോ: അല്‍ഫോണ്‍സ് പുത്രന്‍
Film News
പൗരന്മാര്‍ക്കില്ലാത്ത ദീര്‍ഘകാല അവധി കോടതിക്ക് എന്തിന്, ബ്രിട്ടീഷ് നിയമങ്ങള്‍ മാത്രം മാറ്റിയാല്‍ മതിയോ: അല്‍ഫോണ്‍സ് പുത്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th May 2022, 11:37 am

കോടതികള്‍ ദീര്‍ഘകാല അവധിയിലേക്ക് പോകുന്നതിനെതിരെ പ്രതികരണവുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സാധാരണ പൗരന്മാര്‍ക്കില്ലാത്ത അവധി കോടതികള്‍ക്ക് ആവശ്യമാണോ എന്ന് അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു.

ഭക്ഷണത്തില്‍ വിഷം കലര്‍ന്ന പ്രശ്‌നം വരുമ്പോള്‍ കോടതി അവധിയാണെങ്കില്‍ ആ അവധി കഴിയുന്നത് വരെ വിഷം മറ്റ് സ്ഥലങ്ങളിലേക്കും പകരില്ലേയെന്നും അദ്ദേഹം പറയുന്നു. അല്‍ഫോണ്‍സിനെ പിന്തുണച്ച് നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.

‘കോടതിക്ക് അവധിയുണ്ടെങ്കില്‍, ജോലി ചെയ്യുന്ന ഓരോ പൗരനും അവധി നല്‍കണം. എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം കോടതിയേക്കാള്‍ പ്രധാനമാണ്. എന്നാല്‍ നിങ്ങളുടെ അടുത്ത് വിഷം കലര്‍ന്ന ഭക്ഷണം സംബന്ധിച്ച പ്രശ്നങ്ങളുണ്ടെങ്കില്‍ എന്തുചെയ്യും… കോടതിയാണ് പ്രശ്നം പരിഹരിക്കാന്‍ പ്രവര്‍ത്തിക്കേണ്ടത്.

കോടതി അവധിയിലാണെങ്കിലോ, അപ്പോള്‍ അവധിക്കാലം കഴിയുമ്പോഴേക്കും വിഷം കൂടുതല്‍ പരക്കും. മറ്റ് പൗരന്മാരെ അപേക്ഷിച്ച് പൊതുപ്രവര്‍ത്തകര്‍ക്ക് അവധി ആവശ്യമാണോ? അതോ പഴയ ബ്രിട്ടീഷ് നിയമം മാത്രമാണോ തിരുത്തേണ്ടത്?,’ അല്‍ഫോണ്‍സ് കുറിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ മിക്കവാറും ആരാധകരുമായി സംവദിക്കാറുള്ള വ്യക്തിയാണ് അല്‍ഫോണ്‍സ്. മിക്കവാറും സിനിമയായും മറ്റ് സാങ്കേതിക വിദ്യകളെ പറ്റിയും പോസ്റ്റിടാറുള്ള അല്‍ഫോണ്‍സിന്റെ പുതിയപോസ്റ്റും എന്തായാലും ചര്‍ച്ചയാവുകയാണ്.

പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോള്‍ഡാണ് അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയും ആദ്യമായാണ് അഭിനയിക്കുന്നത്. ‘പ്രേമം’ കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ ഗോള്‍ഡുമായി എത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Content Highlight: Alphonse asks in a Facebook post whether the courts need leave that ordinary citizens do not have