വിചാരധാര അനുകൂല പരാമര്‍ശം; മാര്‍ പാംപ്ലാനി സംഘപരിവാറിനേക്കാള്‍ തരം താണു: അല്‍മായ മുന്നേറ്റം
Kerala News
വിചാരധാര അനുകൂല പരാമര്‍ശം; മാര്‍ പാംപ്ലാനി സംഘപരിവാറിനേക്കാള്‍ തരം താണു: അല്‍മായ മുന്നേറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th April 2023, 8:36 am

തിരുവനന്തപുരം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അല്‍മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെ ആര്‍.എസ്.എസ് മുഖപുസ്തകമായ വിചാരധാരയെ അനുകൂലിച്ച് പാംപ്ലാനി നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് കൊണ്ടാണ് അല്‍മായ മുന്നേറ്റം രംഗത്തെത്തിയിരിക്കുന്നത്.

സംഘപരിവാര്‍ സംഘടനകള്‍ പോലും വിചാരധാരയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പരാമര്‍ശം തള്ളി പറയാനോ അത് അന്നത്തെ കാലഘട്ടത്തില്‍ എഴുതിയതാണെന്ന് പറഞ്ഞ് ന്യായീകരിക്കാനോ ശ്രമിച്ചിട്ടില്ലെന്നിരിക്കെ, അതിനെ ലഘൂകരിച്ച് കാണിക്കാനുള്ള പാംപ്ലാനിയുടെ നീക്കം സംഘപരിവാറിനേക്കാള്‍ തരം താണതാണെന്നും അല്‍മായ മുന്നേറ്റം പ്രസ്താവനയില്‍ പറഞ്ഞു.

ആര്‍.എസ്.എസിനും സംഘപരിവാറിനും പിന്തുണ നല്‍കുന്ന പാംപ്ലാനി കേരളത്തിന് പുറത്ത് ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ നടക്കുന്ന അക്രമങ്ങള്‍ കാണാതെ പോകരുതെന്നും അവര്‍    പറഞ്ഞു.

റബറിന്റെ വില 300 രൂപയാക്കിയാല്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്ന പ്രസ്താവനയും 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് 30 വെള്ളിക്കാശിന് ക്രിസ്തുവിനെ കാണിച്ചുകൊടുത്ത യൂദാസിന്റെ പ്രവര്‍ത്തിയും തമ്മില്‍ കാലഘട്ടത്തിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നും പ്രസ്താവനയില്‍  കുറ്റപ്പെടുത്തി. അല്‍മായ മുന്നേറ്റം കണ്‍വീനര്‍ ജെമി അഗസ്റ്റിന്‍, സംഘടന വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്.

‘കഴിഞ്ഞ വര്‍ഷം മാത്രം 700ലധികം അതിക്രമങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരെ ഉണ്ടായിട്ടുള്ളത്. ആര്‍.എസ്.എസിന് പിന്തുണ നല്‍കുന്ന മാര്‍ പാംപ്ലാനി കേരളത്തിന് പുറത്ത് ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ നടക്കുന്ന അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്.

ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മറക്കരുത്, വിശുദ്ധ മദര്‍ തെരേസക്കെതിരെ സംഘപരിവാര്‍ നടത്തിയ അവഹേളനത്തെ മറക്കരുത്, നിങ്ങളുടെ വീട്ടില്‍ കയറി വരുന്ന ക്രിസ്ത്യാനികളുടെ കയ്യും കാലും അടിച്ചൊടിക്കണമെന്ന കര്‍ണാടക മന്ത്രിയുടെ പ്രസംഗം മറക്കരുത്.

തന്നോടൊപ്പം താലത്തില്‍ കൈമുക്കുന്നവന്‍ തന്നെ, എന്നെ ഒറ്റിക്കൊടുക്കുമെന്ന്‌ യൂദാസിനെക്കുറിച്ച് യേശു ദേവന്‍ പറഞ്ഞതും മാര്‍ പാംപ്ലാനി ഓര്‍ക്കുന്നത് നല്ലതാണ്,’ അല്‍മായ മുന്നേറ്റം പ്രസ്താവനയില്‍ പറഞ്ഞു.

ബി.ജെ.പിയുമായി ബന്ധപ്പെടുത്തി വിമര്‍ശനമുന്നയിക്കുന്നവര്‍ വിചാരധാരയെ ആയുധമാക്കുന്നത് ശരിയല്ലെന്നായിരുന്നു പാംപ്ലാനിയുടെ പ്രസ്താവന. ക്രിസ്ത്യാനികളെ ശത്രുക്കളായി കാണുന്ന നിരവധി ജനവിഭാഗങ്ങളുണ്ടെന്നും, വിചാരധാര പറയുന്നത് അന്നത്തെ സാഹചര്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആ സാഹചര്യങ്ങളെ മനസിലാക്കാനുള്ള പക്വത പൊതുസമൂഹത്തിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: almaya munnettam against  mar pamplani