ipl 2018
ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്കുള്ള അവസാനപട്ടികയില്‍ തിരുവനന്തപുരം ഉള്‍പ്പെടെ നാലു മൈതാനങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2018 Apr 12, 02:09 am
Thursday, 12th April 2018, 7:39 am

ചെന്നൈ: കാവേരി നദീജല പ്രശ്നത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോം മത്സരങ്ങള്‍ക്കായി നാലുമൈതാനങ്ങള്‍ രംഗത്ത്. കളി നടത്താന്‍ ഉചിതമായ നാലുമൈതാനങ്ങളുടെ പട്ടികയാണ് ബി.സി.സി.ഐ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളത്. പൂനെയ്ക്കു പുറമേ തിരുവനന്തപുരം, രാജ്‌കോട്ട്, വിശാഖപട്ടണം എന്നീ നഗരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ബി.സി.സി.ഐ തലവന്‍ വിനോദി റായിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.

“ഞങ്ങള്‍ ചെന്നൈയുടെ ഐ.പി.എല്‍ മത്സരങ്ങളുടെ വേദി മാറ്റാന്‍ തീരുമാനിച്ചു കഴിഞ്ഞു. നാലു വേദികളാണ് ചെന്നൈയ്ക്ക് പകരമായുള്ളത്. വിശാഖപട്ടണം, തിരുവനന്തപുരം, പൂനെ, രാജ്‌കോട്ട് എന്നിവയാണവ. സി.എസ്.കെ അവരുടെ ഹോം മത്സരങ്ങള്‍ ഇവിടെയാകും കളിക്കുക.” വിനോദ് റായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മൈതാനങ്ങളുടെ പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും പൂനെയ്ക്കാണ് സാധ്യതയെന്നാണ് ഐ.പി.എല്‍ സമിതിയെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇനി ആറ് ഹോം മത്സരങ്ങളാണ് ചെന്നൈയ്ക്ക് ശേഷിക്കുന്നത്. കഴിഞ്ഞദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തിനിടെ ചെപ്പോക്കിലെ സ്റ്റേഡിയത്തിലേക്ക് പ്രതിഷേധക്കാര്‍ ഷൂ എറിയുകയും സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വേദി മാറ്റാന്‍ തീരുമാനിച്ചത്. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ചെന്നൈയിലേക്ക് ഐ.പി.എല്‍ മടങ്ങിയെത്തിയത്.

നേരത്തെ വേദി മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായ സമയത്ത് തിരുവനന്തപുരത്തിനായിരുന്നു സാധ്യത കല്‍പിക്കപ്പെട്ടിരുന്നത്. എന്നാല്‍ പകരം വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. മത്സരത്തിന് മുമ്പ് കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയെ കണ്ടിരുന്നു.

കാവേരി നദീജല വിഷയത്തില്‍ വിവിധ തമിഴ്സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും സിനിമാ താരങ്ങളും ഉള്‍പ്പെടെ വന്‍പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് മാറ്റാന്‍ തീരുമാനമായത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോം മത്സരങ്ങള്‍ക്ക് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയമാണ് വേദിയാകേണ്ടത്.