'വനിതാ സംവരണ ബില്‍ ഉടന്‍ നടപ്പിലാക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി മഹിളാ കോണ്‍ഗ്രസ്
national news
'വനിതാ സംവരണ ബില്‍ ഉടന്‍ നടപ്പിലാക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി മഹിളാ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2024, 3:26 pm

ന്യൂദല്‍ഹി: വനിതാ സംവരണ നിയമം ഉടന്‍ നടപ്പിലാക്കണമെന്ന് അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്ക ലാംബ. സംവരണ ബില്‍ നടപ്പിലാക്കാത്ത പക്ഷം ജൂലൈ 29ന് രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്ന് അല്‍ക്ക പ്രഖ്യാപിച്ചു. രാഷ്ട്രീയ പങ്കാളിത്തമാണ് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ആദ്യപടിയെന്നും അല്‍ക്ക ലാംബ പറഞ്ഞു. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അല്‍ക്ക ലാംബയുടെ പ്രഖ്യാപനം.

വനിതാ സംവരണ ബില്‍ നടപ്പിലാക്കണമെന്ന ആവശ്യത്തിന് പുറമെ രാജ്യം നേരിടുന്ന മറ്റു പല പ്രശ്‌നങ്ങളും പ്രതിഷേധത്തില്‍ ഉന്നയിക്കുമെന്ന് അല്‍ക്ക പറഞ്ഞു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണവും പങ്കാളിത്തവും ഉറപ്പാക്കുക, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും സ്ത്രീകള്‍ക്ക് മുക്തി നല്‍കുക, സാമൂഹിക നീതിക്കും സുരക്ഷയ്ക്കുമുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുക തുടങ്ങിയ വിഷയങ്ങളും പ്രതിഷേധത്തില്‍ ഉന്നയിക്കുമെന്നാണ് അല്‍ക്ക പറഞ്ഞത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ (പ്രതിമാസം 8,500 രൂപ) കോണ്‍ഗ്രസിന്റെ വാഗ്ദാനത്തെ കുറിച്ചും അല്‍ക്ക മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തുടനീളം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. കുറ്റവാളികള്‍ക്കിടയില്‍ നിയമത്തെ കുറിച്ചുള്ള ഭയം കുറയുകയാണെന്നും അല്‍ക്ക ലാംബ പ്രതികരിച്ചു. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു.

2023 സെപ്റ്റംബര്‍ 19നാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത്. നിയമപ്രകാരം സംസ്ഥാന നിയമസഭകളിലേക്കും രാജ്യസഭയിലേക്കും ലോക്‌സഭയിലേക്കും സ്ത്രീകള്‍ക്ക് കുറഞ്ഞത് 33 ശതമാനം സീറ്റുകള്‍ ലഭിക്കും. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

യു.പി.എ ഭരണകാലത്ത് 2010 മാര്‍ച്ച് ഒമ്പതിനാണ് വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കിയത്. പിന്നീട് നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രസ്തുത ബില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ലോക്‌സഭയിലേക്ക് എത്തുന്നത്. പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ബില്‍ അവതരിപ്പിച്ചതിന് പിന്നില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഗൂഢലക്ഷ്യമാണെന്ന് വ്യാപകമായി വിമര്‍ശനമുയരുകയും ചെയ്തു.

നരേന്ദ്ര മോദിയുടെ പ്രകടന പത്രികയില്‍ ഈ ബില്‍ സംബന്ധിച്ച നിര്‍ദേശങ്ങളുണ്ടായിരുന്നെങ്കിലും ആദ്യ മോദി സര്‍ക്കാറിന്റെ കാലത്തൊന്നും വനിതാ സംവരണ ബില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല.

Content Highlight: All India Mahila Congress president Alka Lamba wants to implement the Women’s Reservation Act immediately