ന്യൂദൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയും തുടർന്നുണ്ടായ സംഘർഷങ്ങളും വലിയ ചർച്ചയാകുകയാണ്. എന്നാൽ ഇതേഘട്ടത്തിൽ തന്നെ കർഷകരെ ഖലിസ്ഥാനികളെന്ന് വിളിച്ചുള്ള പ്രചരണങ്ങളും ധ്രുതഗതിയിലാണ് സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുന്നത്.
കർഷകർ ഖലിസ്ഥാനികളാണെന്ന ഹാഷ് ടാഗ് ഇതിനോടകം ട്വിറ്ററിൽ ട്രെൻഡിങ്ങിൽ നാലാമതാണ്. ഈ ഘട്ടത്തിലാണ് കർഷകർ ത്രിവർണ പതാക മാറ്റി ഖലിസ്ഥാനി പതാക ഉയർത്തിയെന്ന പ്രചരണവും ശക്തമാകുന്നത്. ഇതിനോടകം തന്നെ പല മുതിർന്ന നേതാക്കളും ചെങ്കോട്ടയിൽ പതാക ഉയർത്തിയ കർഷകരുടെ നടപടിക്കെതിരെ വിമർശനവുമായി രംഗത്തെത്തി.
ത്രികോണാകൃതിയിൽ കർഷകർ ചെങ്കോട്ടയിൽ ഉയർത്തിയ മഞ്ഞ നിറമുള്ള പതാക ഖലിസ്ഥാനി പതാകയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. പക്ഷേ ഇത് ശരിയല്ല.
എന്ത് പതാകയാണ് ചെങ്കോട്ടയിൽ ഉയർത്തിയത്?
ചെങ്കോട്ടയിൽ ഉയർത്തിയ പതാക നിഷാൻ സാഹിബ് എന്നാണ് അറിയപ്പെടുന്നത്. സിക്കിസത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന പതാകയാണിത്. സാധാരണയായി ഗുരുദ്വാരകൾക്ക് മുകളിലായാണ് ഈ പതാക ഉയർത്താറുള്ളത്. ഈ പതാകയ്ക്കുള്ളിൽ നീല നിറത്തിലുള്ള സിഖ് ചിഹ്നവുമുണ്ട്. ഇത് ഖണ്ട എന്നാണ് അറിയപ്പെടുന്നത്. ഇരട്ടത്തലയുള്ള വാളാണ് ഈ നീലനിറമുള്ള ഭാഗത്തുള്ള ചിഹ്നം.സാഫ്രോൺ നിറത്തിലുള്ള ഒരു ആവരണവും ഈ പതാകയ്ക്കുണ്ട്
സത്യത്തെ അസത്യത്തിൽ നിന്ന് വേർതിരിച്ച് അറിയാനുള്ള ശക്തമായ ഉപകരണമാണ് ഖണ്ടയെന്ന് സിഖ് മതവിശ്വാസികൾ വിശ്വസിക്കുന്നു. നിഷാൻ ഷാഹിബിന്റെ ചുമതലയുള്ള ഭായ് ആലം സിംഗ് എന്നൊരാളെ ഒരു യുദ്ധത്തിൽ മുഗൾ സൈന്യം പിടികൂടി പതാക ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടുവെന്നൊരു കഥയുണ്ട്.