ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന്റെ ആവേശത്തിനിടെ നിറകണ്ണുകളോടെ തങ്ങളുടെ 'ക്യാപ്റ്റന്' വിട നല്‍കി ഇംഗ്ലണ്ട്
Sports News
ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന്റെ ആവേശത്തിനിടെ നിറകണ്ണുകളോടെ തങ്ങളുടെ 'ക്യാപ്റ്റന്' വിട നല്‍കി ഇംഗ്ലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th October 2023, 8:48 pm

ഇംഗ്ലണ്ട് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് താരങ്ങളില്‍ ഒരാളും ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളുമായ അലിസ്റ്റര്‍ കുക്ക് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തെ വിരമിച്ച കുക്ക് ഇപ്പോള്‍ തന്റെ ക്രിക്കറ്റ് കരിയറിന് പൂര്‍ണ വിരാമമിട്ടിരിക്കുകയാണ്.

2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയെങ്കിലും കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കുക്ക് സജീവ സാന്നിധ്യമായിരുന്നു. കൗണ്ടിയില്‍ എസക്‌സിന് വേണ്ടി കളിച്ചാണ് കുക്ക് ക്രിക്കറ്റിനോട് വിടപറയുന്നത്.

 

‘ഇന്ന് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ എന്ന നിലയിലുള്ള എന്റെ കരിയറിന് ഇതോടെ അവസാനമാവുകയാണ്,’ കുക്ക് പ്രസ്താവനയില്‍ പറഞ്ഞു.

‘വിടപറയുക എന്നത് ഒരിക്കലും എളുപ്പമല്ല. രണ്ട് പതിറ്റാണ്ടിലേറെയായി ക്രിക്കറ്റ് എന്നാല്‍ എന്റെ ജോലി എന്നതിനേക്കാളുപരി എന്നെ സംബന്ധിച്ച് അതിനേക്കാള്‍ വലിയ മറ്റെന്തോ ആയിരുന്നു. ഞാന്‍ ഒരിക്കലും പോകുമെന്ന് സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ പോകാനും അവ എക്‌സ്പീരിയന്‍സ് ചെയ്യാനും ക്രിക്കറ്റ് എന്നെ അനുവദിച്ചു.

ഞാന്‍ ഒരിക്കലും സാധിക്കില്ല എന്ന് കരുതിയ കാര്യങ്ങള്‍ നേടിയ ടീമിന്റെ ഭാഗമാകാന്‍ ക്രിക്കറ്റ് എന്നെ അനുവദിച്ചു. ഏറ്റവും പ്രധാനമായി, ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ആഴത്തിലുള്ള സൗഹൃദങ്ങളും ഞാന്‍ ക്രിക്കറ്റിലൂടെ സൃഷ്ടിച്ചു.

 

 

വിക്ഹാം ബിഷപ്സിനായി കളിച്ചുതുടങ്ങിയ എട്ടുവയസ്സുകാരന്‍ മുതല്‍ ഇന്നുവരെയെത്തിനില്‍ക്കുമ്പോള്‍ അഭിമാനം കലര്‍ന്ന സങ്കടമാണ് ഇപ്പോള്‍ എനിക്കുള്ളത്. എല്ലാറ്റിനുമുപരിയായി, ഞാന്‍ അവിശ്വസനീയമാംവിധം സന്തോഷവാനാണ്.

എന്റെ ജീവിതത്തിന്റെ ഈ ഭാഗം അവസാനിക്കാനുള്ള ശരിയായ സമയമാണിത്. ഏറ്റവും മികച്ച കളിക്കാരനാകാന്‍ എല്ലായ്പ്പോഴും എന്റെ പൂര്‍ണമായ കഴിവും സമയവും ഞാന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പുതിയ തലമുറയ്ക്ക് അത് ഏറ്റെടുക്കാന്‍ വഴിയൊരുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എനിക്ക് 12 വയസ്സുള്ളപ്പോഴാണ് ഞാന്‍ കൗണ്ടിയില്‍ ചേര്‍ന്നത്. എന്റെ ടീമായ എസക്‌സിനോട് ഞാന്‍ പൂര്‍ണമായും കടപ്പെട്ടിരിക്കുന്നു. ആരാധകരും ടീം അംഗങ്ങളും സ്റ്റാഫുകളും നല്‍കിയ പിന്തുണ ഏറെ വലുതാണ്.

ഞാന്‍ എന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചപ്പോള്‍, അഞ്ച് വര്‍ഷം കൂടി എസക്‌സിനായി കളിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയത്ത് ഞങ്ങള്‍ എത്രമാത്രം ആസ്വദിച്ചുവെന്ന് വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല.

ഹെഡ് കോച്ച് ആന്റണി മഗ്രാത്ത്, റയാന്‍ ടെന്‍ ഡോസ്ചേറ്റ്, ടോം വെസ്റ്റ്ലി എന്നിവരോടും അക്കാലത്തെ എന്റെ രണ്ട് ക്യാപ്റ്റന്മാരോടും എല്ലാ താരങ്ങളോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. പാഡ് കെട്ടി ന്യൂബോള്‍ നേരിടാനുള്ള ഒരു അവസരവും ഞാന്‍ നഷ്ടപ്പെടുത്തില്ല. എന്നാല്‍ ഈഗിള്‍സിന്റെ ഡ്രസിങ് റൂം ഞാന്‍ തീര്‍ച്ചയായും മിസ് ചെയ്യും.

2019ല്‍ എസെക്സ് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് നേടിയ സീസണില്‍ പൂര്‍ണമായും കളിച്ചത് ഗെയിമിലെ എന്റെ പ്രിയപ്പെട്ട നേട്ടങ്ങളിലൊന്നാണ്. എസെക്സ് ഇനിയും മികച്ച രീതിയില്‍ കളിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇനിയും നിരവധി ട്രോഫികള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു,’ കുക്ക് കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി 161 ടെസ്റ്റ് മത്സരത്തിലാണ് കുക്ക് പാഡണിഞ്ഞത്. ഇതില്‍ നിന്നും 12,472 റണ്‍സാണ് കുക്ക് നേടിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ ഇംഗ്ലണ്ട് താരം എന്ന റെക്കോഡ് ഇപ്പോഴും കുക്കിന്റെ പേരില്‍ തന്നെയാണ്. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ അഞ്ചാമത് താരവും കുക്ക് തന്നെ.

കരിയറിലെ 352 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നും 26,643 റണ്‍സും 178 ലിസ്റ്റ് എ മത്സരത്തില്‍ നിന്നും 6,510 റണ്‍സുമാണ് കുക്ക് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 74 സെഞ്ച്വറിയും ലിസ്റ്റ് എയില്‍ 13 സെഞ്ച്വറിയുമാണ് ഇംഗ്ലീഷ് ഇതിഹാസ നായകന്റെ സമ്പാദ്യം.

 

Content highlight: Aliaster Cook announces retirement from professional cricket