പുസ്തകം കയ്യില്‍വെച്ച ഞാന്‍ ഭീകരന്‍; എന്നാല്‍ സ്‌ഫോടനം നടത്തുന്നത് ഭീകരവാദമല്ല; ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ പിന്‍വലിച്ചതില്‍ അലന്‍ ഷുഹൈബ്
Kerala News
പുസ്തകം കയ്യില്‍വെച്ച ഞാന്‍ ഭീകരന്‍; എന്നാല്‍ സ്‌ഫോടനം നടത്തുന്നത് ഭീകരവാദമല്ല; ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ പിന്‍വലിച്ചതില്‍ അലന്‍ ഷുഹൈബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th October 2024, 1:07 pm

കോഴിക്കോട്: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതിയായ ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യു.എ.പി.എ കുറ്റം റദ്ദാക്കിയ വിഷയത്തില്‍ പ്രതികരണവുമായി പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അലന്‍ ഷുഹൈബ്.

സ്‌ഫോടനം നടത്തി ആളുകളെ കൊല്ലുന്നത് ഭീകരവാദമല്ലെന്നും മറിച്ച് പുസ്തകങ്ങളും ലഘുലേഖകളും കൈയില്‍ വെച്ച താനാണോ ഭീകരവാദിയെന്നാണ് അലന്‍ ചോദിക്കുന്നത്. ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ പിന്‍വലിച്ച മാധ്യമവാര്‍ത്ത പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അലന്റെ പ്രതികരണം.

മറ്റൊരു പോസ്റ്റില്‍ പുസ്തകങ്ങളും മനസുമാണ് ബോബുകളേക്കാള്‍ കൂടുതല്‍ അപകടകാരിയെന്ന് തനിക്ക് ഇപ്പോള്‍ മനസിലായെന്നും അത് തനിക്ക് മനസിലാക്കി തന്ന പിണറായി വിജയന്‍ ഒരു ‘പൂക്കി’യാണെന്നും അലന്‍ പറയുന്നു. ജയിലില്‍ ചെലവഴിച്ച 10 മാസങ്ങള്‍ വളരെ നന്നായിരുന്നെന്നും അലന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് കളമശ്ശേരി സാമ്റ കണ്‍വെന്‍ഷന്‍ സെന്ററിലെ സ്ഫോടനക്കേസില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യു.എ.പി.എ കുറ്റം സര്‍ക്കാരും യു.എ.പി.എ സമിതിയും പിന്‍വലിക്കുന്നത്.

2023 ഒക്ടോബര്‍ 29ന് കളമശ്ശേരിയിലെ സാമ്റ കണ്‍വെന്‍ഷന്‍ സെന്ററിലെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിലെ സ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. 50ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അന്നേ ദിവസം തന്നെ സ്ഫോടനം നടത്തിയ തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പാണ് സ്ഫോടനം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞത്. സ്ഫോടനം നടത്താന്‍ വേണ്ടി രണ്ട് ഐ.ഇ.ഡി ബോംബുകളാണ് മാര്‍ട്ടിന്‍ നിര്‍മിച്ചത്. ഇത് രണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു.

അതേസമയം 2019 നവംബറില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പന്തീരങ്കാവില്‍ വെച്ച് കോഴിക്കോട് സ്വദേശികളായ അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്. പുസ്തകങ്ങള്‍, നോട്ടീസുകള്‍, ലഘുലേഖകള്‍, ചുവന്ന പതാക എന്നിവ കൈവശം വെച്ചതിനാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഇരുവരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ ഇരുവര്‍ക്കുമെതിരെ യു.എ.പിഎ ചുമത്തുകയും ഇതോടെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയുമായിരുന്നു.

Content Highlight: Alan Shuhaib Instagram story about withdrawal of UAPA in Kalamassery bomb blast case