റൊണാൾഡോ ഇങ്ങ് വരട്ടെ; തടയാൻ ഞങ്ങൾക്കറിയാം; തന്ത്രങ്ങളുമായി എതിർ ടീം പരിശീലകൻ
football news
റൊണാൾഡോ ഇങ്ങ് വരട്ടെ; തടയാൻ ഞങ്ങൾക്കറിയാം; തന്ത്രങ്ങളുമായി എതിർ ടീം പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th February 2023, 7:51 pm

സൗദി പ്രോ ലീഗിൽ അൽ താവൂനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. അൽ വെഹ്ദക്കെതിരെ നാല് ഗോളുകൾ നേടി വരവറിയിച്ച റൊണാൾഡോയുടെ നേതൃത്വത്തിൽ മത്സരം വിജയിക്കാമെന്നാണ് അൽ നസറിന്റെ പ്രതീക്ഷ.

മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ പ്രോ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്കുയരാൻ സൗദി ക്ലബ്ബിനാകും.
എന്നാൽ തങ്ങളെ നേരിടാനെത്തുന്ന റൊണാൾഡോയെ പൂട്ടാൻ പറ്റിയ തന്ത്രങ്ങൾ ഒരുക്കിക്കഴിഞ്ഞു എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അൽ-താവൂൻ പരിശീലകൻ പെരിക്ലസ് ചമുസ്ക്ക.

അൽ-അറബിയ.നെറ്റിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയെ പൂട്ടാൻ സ്വീകരിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് പെരിക്ലസ് ചമുസ്ക അഭിപ്രായപ്പെട്ടത്.

“അൽ നസറിനെതിരെയും റൊണാൾഡോക്കെതിരെയും കളിക്കുക എന്നത് ഞങ്ങളുടെ പ്ലെയേഴ്സിന് വളരെ പ്രചോദനകരമായ കാര്യമാണ്. അവർക്കെതിരെയുള്ള കളിയാണ് ഒരുപക്ഷെ ഏറ്റവും കൂടുതൽ പേർ കാണാൻ സാധ്യതയുള്ള മത്സരം. അതിനാൽ തന്നെ ഏറ്റവും നന്നായി തന്നെ അതിൽ ഇടപെടാൻ ഞങ്ങളുടെ താരങ്ങൾ പ്രചോദിപ്പിക്കപ്പെടും,’ പെരിക്ലസ് പറഞ്ഞു.

“റൊണാൾഡോ പെനാൽട്ടി ബോക്സിൽ വളരെ അപകടകാരിയാണ്. അതിനാൽ തന്നെ പെനാൽട്ടി ഏരിയയിൽ വെച്ച് അദ്ദേഹത്തെ പന്തിൽ സ്പർശിക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഷൂട്ടിങ്ങിലും ഡ്രിബിളിങ്ങിലും മികച്ച പ്രതിഭയുള്ള അദ്ദേഹത്തെ പെനാൽട്ടി ഏരിയയിൽ പരമാവധി നിക്ഷ്പ്രഭനാക്കാനായിരിക്കും ഞങ്ങളുടെ ശ്രമം,’ അദ്ദേഹം കൂട്ടിച്ചേർത്തു.

അൽ നസറിനെ പരാജയപ്പെടുത്താൻ സാധിച്ചാൽ അൽ താവൂന് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്കുയരാൻ സാധിക്കും. അതിനാൽ തന്നെ മത്സരത്തിൽ വിജയിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തുമെന്നും പെരിക്ലസ് പറഞ്ഞു.

പ്രോ ലീഗിൽ നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളാണ് അൽ നസർ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.

അതേസമയം താവൂനെതിരെയുള്ള മത്സരത്തിന് ശേഷം ഫെബ്രുവരി 25ന് ദമാക്കിനെയാണ് അൽ നസർ നേരിടുന്നത്.
ഫെബ്രുവരി 23ന് അൽ ഫെയ്ഹക്കെതിരെയാണ് അൽ താവൂന്റെ അടുത്ത മത്സരം.

 

Content Highlights: Al-Taawoun coach Pericles Chamusca explains ‘special plan’ to stop Cristiano Ronaldo