വാക്ക് തര്‍ക്കത്തിനൊന്നും മുതിര്‍ന്നില്ല, ജേഴ്‌സിയും ക്യാപ്റ്റന്‍സിയും റൊണാള്‍ഡോക്ക് വിട്ട് കൊടുത്തു: അല്‍ നസര്‍ താരം
Football
വാക്ക് തര്‍ക്കത്തിനൊന്നും മുതിര്‍ന്നില്ല, ജേഴ്‌സിയും ക്യാപ്റ്റന്‍സിയും റൊണാള്‍ഡോക്ക് വിട്ട് കൊടുത്തു: അല്‍ നസര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th February 2023, 1:38 pm

കഴിഞ്ഞ ജനുവരിയിലാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന് ക്ലബ്ബായ അല്‍ നസറുമായി സൈനിങ് നടത്തിയത്. റൊണാള്‍ഡോയുടെ പ്രവേശനത്തോടെ അല്‍ നസറിന്റെ മുന്‍ നായകന്‍ അബ്ദുല്‍ മദു അദ്ദേഹത്തിന് നായക സ്ഥാനം ഒഴിഞ്ഞ് കൊടുക്കുകയായിരുന്നു. ടീമിലെ മിഡ് ഫീല്‍ഡ്ങ് താരമായ ജലാലുദ്ദീന്‍ മഷറിപ്പോവ് തന്റെ ഏഴാം നമ്പര്‍ ജേഴ്‌സി റൊണാള്‍ഡോക്ക് കൈമാറുകയും ചെയ്തു.

തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. റൊണാള്‍ഡോയുടെ വരവോടെ മഷറിപ്പോവും മദുവും ക്ലബ്ബ് വിടാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഷറിപ്പോവ്.

റൊണാള്‍ഡോ വരുന്നത് അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ടീമിന്റെ ക്യാപ്റ്റനാകുമെന്നും ഏഴാം നമ്പര്‍ ജേഴ്‌സി അദ്ദേഹത്തിന് നല്‍കേണ്ടതായി വരുമെന്നും തങ്ങള്‍ക്ക് അറിയാമായിരുന്നെന്ന് മഷറിപ്പോവ് പറഞ്ഞു.

‘എന്നോട് പലരും ചോദിച്ചിരുന്നു, റൊണാള്‍ഡോക്ക് ഞാനെന്റെ ഏഴാം നമ്പര്‍ ജേഴ്‌സി കാടുക്കുമോയെന്ന്. എനിക്കെങ്ങനെ കൊടുക്കാതിരിക്കാനാകും? അത് റൊണാള്‍ഡോയാണ്. എന്ന് വെച്ചാല്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാള്‍.

അദ്ദേഹത്തോട് എല്ലാവര്‍ക്കും അങ്ങേയറ്റം ബഹുമാനവും ഇഷ്ടവുമുണ്ട്. അതുകൊണ്ട് എന്റെ ജേഴ്‌സി നമ്പര്‍ വളരെ സന്തോഷകത്തോടെയാണ് ഞാന്‍ റൊണാള്‍ഡോക്ക് നല്‍കിയത്.

റൊണാള്‍ഡോ വരുമ്പോള്‍ തന്നെ അദ്ദേഹമായിരിക്കും ടീമിന്റെ ക്യാപ്റ്റന്‍ എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അത്രയും വലിയ കളിക്കാരനെ മറ്റൊരാള്‍ നയിക്കുന്നതിനെ പറ്റി ഞങ്ങള്‍ ആലോചിച്ചിരുന്നില്ല. അദ്ദേഹം ഞങ്ങളെ നയിക്കണം എന്നായിരുന്നു ഞങ്ങളുടെയെല്ലാം ആഗ്രഹവും.

ഈ വിഷയവുമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെല്ലാം തെറ്റാണ്. എനിക്ക് അല്‍ നസറുമായി കോണ്‍ട്രാക്ടുണ്ട്. ഞാന്‍ ക്ലബ്ബില്‍ തുടരണമെന്നായിരുന്നു ക്ലബ്ബിന്റെയും ആവശ്യം ജേഴ്‌സി നമ്പര്‍ കൈമാറിയത് റൊണാള്‍ഡോ വന്നതുകൊണ്ട് മാത്രമാണ്. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ല. ഇതാണ് വാസ്തവം,’ മഷറിപ്പോവ് പറഞ്ഞു.

അതേസമയം, സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാള്‍ഡോ അനായാസം ഗോളുകള്‍ അടിച്ചു കൂട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത്ര മികച്ച തുടക്കമല്ല താരത്തിന് തന്റെ ക്ലബായ അല്‍ നസ്‌റില്‍ ലഭിച്ചിരിക്കുന്നത്.

പി.എസ്.ജിക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടി മികച്ച പ്രകടനം നടത്തിയെങ്കിലും തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളിലും റൊണാള്‍ഡോ ഗോള്‍ നേടിയിട്ടില്ല. വരാനിരിക്കുന്ന മത്സരങ്ങളില്‍ മോശം ഫോമില്‍ നിന്ന് പുറത്തുകടന്ന് മികച്ച പ്രകടനം നടത്തേണ്ടത് റൊണാള്‍ഡോക്ക് അനിവാര്യമാണ്.

Content Highlights: Al Nassr Mid fielder Jaloliddin Masharipov about Crisiano Ronaldo