ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയ്ക്ക് അനുമതിയില്ല. മാധ്യമ സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ വിസ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വോട്ടെടുപ്പിന്റെ ആദ്യ ഘട്ടം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വിസ നിഷേധിച്ച വിവരം അല്‍ ജസീറ പുറത്തുവിട്ടത്.
വിസയ്ക്കായി അനുമതി തേടിയെങ്കിലും കേന്ദ്രം അപേക്ഷ നിഷേധിക്കുകയായിരുന്നുവെന്ന് അല്‍ ജസീറ പറഞ്ഞു. ഇന്ത്യയുടെ പുറത്തുനിന്നുകൊണ്ടാണ് നിലവിലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് സ്ഥാപനം വ്യക്തമാക്കി.
ഇതിനുമുമ്പും അല്‍ ജസീറ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി.ബി.സിയുടെ ഡോക്യുമെന്ററിക്ക് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ അല്‍ ജസീറയുടെ ഡോക്യുമെന്ററിയും ഇന്ത്യയില്‍ വിലക്ക് നേരിട്ടിരുന്നു. രാജ്യത്തെ മുസ്‌ലിം വിഭാഗവുമായി ബന്ധപ്പെട്ട് അല്‍ ജസീറ നിര്‍മിച്ച ‘ഇന്ത്യ ഹു ലിറ്റ് ദി ഫ്യൂസ്’ എന്ന ഡോക്യമെന്ററിയുടെ പ്രദര്‍ശനം അലഹബാദ് ഹൈക്കോടതിയാണ് വിലക്കിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ച് പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ആദായനികുതി ലംഘനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെന്നായിരുന്നു വിശദീകരണം. മുന്‍ ജീവനക്കാര്‍ ഒരുമിച്ച് തുടങ്ങുന്ന കളക്ടീവ് ന്യൂസ് റൂം വഴി ആയിരിക്കും ഇനി ബി.ബി.സിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം.
ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ബി.ബി.സിയുടെ മുംബൈയിലെയും ദല്‍ഹിയിലെയും ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ചട്ടലംഘനം കണ്ടെത്തി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2021ലെ ചട്ടങ്ങള്‍ അനുസരിച്ച് പുതിയ രീതിയില്‍ പ്രവര്‍ത്തനം തുടരുമെന്ന് ബി.ബി.സി അറിയിച്ചത്.
ലോകത്ത് തന്നെ ആദ്യമായാണ് ബി.ബി.സിയുടെ പ്രവര്‍ത്തനം ഒരു രാജ്യത്ത് അവസാനിപ്പിക്കേണ്ടി വന്നത്.
Content Highlight: Al Jazeera, the international media, is not allowed to report the Lok Sabha elections from India