ന്യൂദല്‍ഹി: ദല്‍ഹിയിലെ അക്ബര്‍ റോഡിന്റെയും ബാബര്‍ റോഡിന്റെയും പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് സൈന്‍ ബോര്‍ഡില്‍ ഒരു കൂട്ടം അക്രമികള്‍ കരി തേച്ചു. ജയ് ശ്രീറാം വിളിച്ചെത്തിയ യുവാക്കളാണ് സൈന്‍ ബോര്‍ഡില്‍ കരിതേച്ചത്.
സൈന്‍ ബോര്‍ഡില്‍ കരി തേച്ച യുവാക്കള്‍ ബോര്‍ഡില്‍ ശിവജിയുടെ ചിത്രങ്ങള്‍ പതിക്കുകയായിരുന്നു. ഛത്രപതി ശിവജി മാര്‍ഗ് എന്ന് എഴുതിയ പോസ്റ്ററുകള്‍ ഒട്ടിക്കുകയും അതില്‍ പാലൊഴിക്കുകയുമായിരുന്നു.
അക്ബര്‍ റോഡ് എന്നെഴുതിയ ബോര്‍ഡില്‍ അക്രമി സംഘം മൂത്രമൊഴിച്ചതായും ബാബര്‍ റോഡ് എന്ന സൈന്‍ ബോര്‍ഡില്‍ കരി തേച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷ് ചൗധരിയെന്ന യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുഷ്പ്രവര്‍ത്തികള്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്കി കൗശല്‍ അഭിനയിച്ച ഛാവ കണ്ടുമടങ്ങിയ യുവാക്കളാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്.
അക്ബറിന്റെയും ബാബറിന്റെയും പേരുകള്‍ പതിച്ച ബോര്‍ഡുകള്‍ മാറ്റിയില്ലെങ്കില്‍ തങ്ങള്‍ പിഴുതുമാറ്റുമെന്ന് സംഘം ഭീഷണിപ്പെടുത്തുന്നതും മൂത്രമൊഴിക്കുന്നതുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
ഇന്ന് മുതല്‍ അക്ബര്‍ റോഡിന്റെ പേര് ഛത്രപതി ശിവജി മാര്‍ഗെന്നാണെന്നും ദേശീയവാദി സര്‍ക്കാരാണെങ്കില്‍ റോഡിന്റെ പേരെത്രയും പെട്ടെന്ന് മാറ്റണമെന്നും തങ്ങള്‍ രാജ്യദ്രോഹികളല്ലെന്നും എല്ലാവരും ഛാവ സിനിമയില്‍ ശിവജി മഹാരാജിന്റെ ചരിത്രം കണ്ടവരാണെന്നും വളരെ ക്രൂരമായാണ് കൊല്ലപ്പെട്ടതെന്നും സംഘത്തിലുള്ള യുവാക്കള്‍ പറയുന്നു.
ഈ രാജ്യത്ത് അക്ബര്‍, ബാബര്‍, ഷാജഹാന്‍, ഹൂമയൂണ്‍ എന്നിവരുടെ പേരുകള്‍ തങ്ങള്‍ തുടച്ചുനീക്കുമെന്നും തനിക്കെതിരെ കേസെടുക്കണമെന്നും ജയിലിലടക്കണമെന്നും എന്തും സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും യുവാവ് പറയുന്നു.
അതേസമയം അക്രമി സംഘത്തിലെ ദക്ഷ് ചൗധരി സ്വയം വിശേഷിപ്പിക്കുന്നത് പശു സംരക്ഷകന്‍ എന്നാണെന്നും ഇയാള്‍ കനയ്യ കുമാറിനെയും മുസ്‌ലിങ്ങളെയും മര്‍ദിച്ച വ്യക്തിയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Akbar Road and Babar Road should be renamed Shivaji Marg; The assailants scratched the sign board