ആകാശ് ടാബ്‌ലെറ്റ് ഐക്യരാഷ്ട്രസഭയിലേക്ക്
Big Buy
ആകാശ് ടാബ്‌ലെറ്റ് ഐക്യരാഷ്ട്രസഭയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th November 2012, 6:17 am

ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയില്‍ ആകാശ് ടാബ്‌ലെറ്റ്  അവതരിപ്പിക്കുന്നു. ഇന്ന് നടക്കുന്ന ചടങ്ങിലാകും ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലെറ്റ് എന്ന വിശേഷണവുമായി പുറത്തിറങ്ങിയ ആകാശ് ലോകരാജ്യങ്ങളുടെ മുന്‍പില്‍ ഇന്ത്യ അവതരിപ്പിക്കുക. []

ഇന്ത്യയുടെ യു.എന്‍ കാര്യങ്ങളുടെ ജോയന്റ് സെക്രട്ടറി സയ്യിദ് അക്രബുദ്ദീനാണ് ഇത് അറിയിച്ചത്. നവംബര്‍ മാസത്തില്‍ ഐക്യരാഷ്ട്ര സെക്യൂരിറ്റി കൗണ്‍സിലിന്റെ അദ്ധ്യക്ഷ സ്ഥാനത്തുള്ള ഇന്ത്യയുടെ കാലവധി തീരുന്നതിന് മുന്‍പ് ആകാശ് ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിക്കണം എന്ന ആഗ്രഹം കൂടിയാണ് നടപ്പിലാകുന്നതെന്നും സയ്യിദ് അക്രബുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലാണോ പുറത്തിറക്കല്‍ ചടങ്ങ് എന്ന് വ്യക്തമാക്കിയിട്ടില്ല.

മുന്‍പ് തന്നെ ചടങ്ങിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹര്‍ദ്ദീപ് സിംഗ് പുരി സൂചിപ്പിച്ചിരുന്നു. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ പദ്ധതി വ്യാപിക്കാന്‍ ഇന്ത്യയുടെ ശ്രമം വിജയകരമാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ നവംബര്‍ 11ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഡല്‍ഹിയില്‍ ആകാശ് ടാബ്‌ലെറ്റ് പുറത്തിറക്കിയത്. അതിനിടയില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ആകാശ് 2 ടാബ്‌ലെറ്റുകള്‍ ചൈനീസ് നിര്‍മ്മിതമാണെന്ന വിവാദം ചര്‍ച്ചയാകുന്നുണ്ട്.

ആകാശിന്റെ നിര്‍മ്മാതക്കളായ ഡാറ്റവിന്റ് ഈ വാദം തള്ളിക്കളഞ്ഞു. ചൈനയില്‍ വെച്ച്  ടാബ്‌ലെറ്റിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുക മാത്രമാണ് ചെയ്‌തെന്ന് ഡാറ്റവിന്റ് ഇതിന് മറുപടി നല്‍കി.