ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിംഗ്‌സ് മത്സരത്തിന് പിന്നാലെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ പ്രകടനത്തിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.
പടിക്കലിന്റെ മെല്ലപ്പോക്ക് രാജസ്ഥാനെ തോല്‍പിക്കുമായിരുന്നുവെന്നും എന്നാല്‍ ഹെറ്റ്‌മെയറിന്റെ ഇന്നിംഗ്‌സാണ് രാജസ്ഥാനെ ജയത്തിലേക്കെത്തിച്ചതെന്നും താരം പറയുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ദേവ്ദത്ത് പടിക്കല്‍ ഒരു ബോളില്‍ ഒരു റണ്‍സ് എന്ന നിലയിലാണ് റണ്‍സ് എടുത്തുകൊണ്ടിരുന്നത്. അങ്ങനെ 31 റണ്‍സാണ് താരം കഴിഞ്ഞ മത്സരത്തില്‍ സ്വന്തമാക്കിയത്.
എന്താണ് ഇത് വ്യക്തമാക്കുന്നത്. വലിയ ടോട്ടലാണ് പിന്തുടരുന്നതെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ടീമിനെ ഉപദ്രവിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിന് പിന്നാലെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തകര്‍ത്തടിച്ചതു കൊണ്ടുമാത്രം മത്സരം ജയിക്കാന്‍ സാധിച്ചു. എന്നിട്ടും അവനെ എന്തേ നേരത്തെ ഇറക്കാത്തത് എന്ന കാര്യമാണ് മനസിലാവാത്തത്.
ഓപ്പണറായി ഇറങ്ങുന്നില്ലെങ്കില്‍ പടിക്കലിനെ എന്തിനാണ് നാലാമനായി ഇറക്കുന്നത്? അഞ്ചാമനായി ഇറക്കിയാല്‍ പോരേ? രണ്ടായാലും വലിയ വ്യത്യാസം ഒന്നും തന്നെ ഉണ്ടാവാന്‍ പോവുന്നില്ല.
എന്നാല്‍ നേരെ മറിച്ച് ഹെറ്റ്‌മെയറിനെ നാലാമനായി ഇറക്കണം. കൂടുതല്‍ സമയം ലഭിച്ചാല്‍ ഹെറ്റ്‌മെയറിന് തകര്‍ത്തടിക്കാന്‍ സാധിക്കും,’ ചോപ്ര പറയുന്നു.
യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ ഇന്നിംഗ്‌സിന്റെ ബലത്തിലായിരുന്നു രാജസ്ഥാന്‍ കഴിഞ്ഞ മത്സരത്തില്‍ അനായാസ ജയത്തിലേക്ക് നടന്നുകയറിയത്. അര്‍ധസെഞ്ച്വറി തികച്ച ജെയ്‌സ്വാളും അവസാന ഓവറുകളില്‍ കത്തിക്കയറിയ ഹെറ്റ്‌മെയറുമായിരുന്നു രാജസ്ഥാന്റെ വിജയ ശില്‍പികള്‍.
തുടര്‍ച്ചയായി രണ്ട് മത്സരം പരാജയപ്പെട്ട രാജസ്ഥാന്റെ തിരിച്ചുവരവുകൂടിയായിരുന്നു പഞ്ചാബിനെതിരെ നടന്ന മത്സരം.
ജയത്തോടെ 11 കളിയില്‍ ഏഴ് ജയവുമായി 14 പോയിന്റോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. പഞ്ചാബ് ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.