Kerala
സര്‍ക്കാര്‍ മുട്ടുമടക്കില്ല; അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുടെ സമരം നേരിടുമെന്ന് ഗതാഗതമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 25, 07:20 am
Tuesday, 25th June 2019, 12:50 pm

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുടെ സമരത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ ഭയക്കുന്നത് ജനങ്ങളെയാണെന്നും ബസ് ഉടമകളെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സ്വകാര്യബസ് ഉടമകളുമായി എ.കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ സമരം തുടരുമെന്നാണ് ബസ് ഉടമകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി അധിക സര്‍വ്വീസ് നടത്തി യാത്രാഭാരം കുറയ്ക്കുമെന്നും നിയമലംഘനം നടത്തുന്ന കല്ലട ഉള്‍പ്പെടെയുള്ള സ്വകാര്യബസുകള്‍ക്കെതിരെ നടപടി തുടരുമെന്നും മന്ത്രി പറഞ്ഞു.

കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ സുഗമമായി സര്‍വ്വീസ് നടത്തുന്നെന്നും അതേ പെര്‍മിറ്റുള്ള ബസുകള്‍ക്ക് കേരളത്തില്‍ പിഴ ഈടാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നെന്നാണ് ബസുടമകളുടെ വാദം.
പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ പിഴ ഈടാക്കുന്നത് താങ്ങാനാകില്ലെന്നും ബസുടമകള്‍ പറഞ്ഞിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുന്ന സാഹചര്യത്തില്‍, നിയമഭേദഗതി ഉണ്ടാകും വരെ പെര്‍മിറ്റ് ലംഘനത്തിന്റെ പരിലുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.