Advertisement
Entertainment
ആ നിവിന്‍ പോളി ചിത്രം ബാക്ക് ഫയറായി; പാളിയത് എഴുത്തിലാണോ എന്നറിയില്ല: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 01, 11:09 am
Sunday, 1st September 2024, 4:39 pm

നവീന്‍ ഭാസ്‌ക്കറിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സാറ്റര്‍ഡേ നൈറ്റ്. നിവിന്‍ പോളി നായകനായ ഈ സിനിമയില്‍ അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഈ സിനിമ പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണം നേടുകയും പിന്നാലെ ബോക്‌സ് ഓഫീസ് ദുരന്തമായി മാറുകയും ചെയ്തു.

ഇപ്പോള്‍ സാറ്റര്‍ഡേ നൈറ്റിനെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. നിവിന്‍ പോളി – അജു വര്‍ഗീസ് കോമ്പോ ഇവിടെയും കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നോയെന്ന ചോദ്യത്തിന് അതിന് ശ്രമിച്ചിരുന്നു എന്നായിരുന്നു നടന്റെ മറുപടി. എന്നാല്‍ അത് തിരിച്ചടിയായെന്നും എവിടെയാണ് കൈവിട്ട് പോയതെന്ന് അറിയില്ലെന്നും അജു വര്‍ഗീസ് പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അതാണ് ശ്രമിച്ചത്. പക്ഷെ ബാക്ക് ഫയറായി. എഴുത്തിലാണോ അല്ലെങ്കില്‍ എവിടെയാണ് അത് പോയതെന്ന് എനിക്ക് അറിയില്ല. ഞാന്‍ ആ സിനിമയെ കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കാറൊന്നുമില്ല. ഞാന്‍ ഓര്‍ക്കാറുണ്ട്. എനിക്ക് ഇഷ്ടം പോലെ ട്രോളുകളൊക്കെ വന്നത് ആ കഥാപാത്രത്തിനായിരുന്നു.

അശ്വന്ത് കോക്ക് ഒക്കെ റിവ്യൂ ചെയ്തിരുന്നു. നമ്മള്‍ എങ്ങനെയാണ് കണ്ണടച്ച് ഇവരെ കാണുന്നില്ലെന്ന് പറയുന്നത്. അതിന് പറ്റില്ലല്ലോ. ഞാന്‍ സിനിമയില്‍ ഉള്ള സമയം ഓരോ റിവ്യൂവറിന്റെയും മുഖം എന്റെ മനസിലുണ്ടാകും. ഞാന്‍ അവരെ ശ്രദ്ധിക്കുന്നില്ലെന്ന് എനിക്ക് പറയാന്‍ പറ്റില്ല. അവര് പറയുന്നത് ഞാന്‍ കേള്‍ക്കും. അവര്‍ പറയുന്നതില്‍ പോയിന്റുണ്ടെങ്കില്‍ തിരുത്താനും ശ്രമിക്കും.

അല്ലാതെ എന്നെ അവന്‍ കളിയാക്കിയെന്ന് പറയാനോ ഇന്‍സള്‍ട്ട് ചെയ്തെന്ന് പറയാനോ നില്‍ക്കില്ല. എങ്ങനെയെടുക്കണമെന്നത് എന്റെ തീരുമാനമായിട്ടാണ് ഞാന്‍ കരുതുന്നത്. അവര് പറയുന്ന കാര്യങ്ങളില്‍ എനിക്ക് പേഴ്സണലി തിരുത്താനുള്ള കാര്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

അത് ഞാന്‍ തിരുത്തിയപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് അതിന് അനുസരിച്ചുള്ള റെസ്‌പോണ്‍സും ഞാന്‍ കണ്ടിട്ടുണ്ട്. ചൂസ് ചെയ്യുന്ന റോളുകളില്‍ ഞാന്‍ മാറ്റം വരുത്തിയിട്ടുണ്ട്. റിപ്പീറ്റായി ചെയ്ത വേഷങ്ങള്‍ അല്ലെങ്കില്‍ ഒരേ അച്ചില്‍ വാര്‍ത്തത് പോലെയുള്ള കഥാപാത്രങ്ങള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.


Content Highlight: Aju Varghese Talks About Saturday Night Movie