Advertisement
Entertainment
ഇന്ന് ആ പടം കാണുമ്പോള്‍ എന്റെ അഭിനയത്തില്‍ കുഴപ്പമുണ്ടെന്ന് എനിക്ക് തന്നെയറിയാം: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 27, 12:30 pm
Thursday, 27th February 2025, 6:00 pm

2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തിളങ്ങിയ അജുവിന്റ കരിയറില്‍ വഴിത്തിരിവായത് ഹെലന്‍ എന്ന ചിത്രമായിരുന്നു.

കമല എന്ന സിനിമയിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് അജു തെളിയിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 145ല്‍ അധികം സിനിമകളിലാണ് അജു വര്‍ഗീസ് അഭിനയിച്ചിട്ടുള്ളത്. ഇപ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അജു.

തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ കുട്ടു ആണെന്നാണ് നടന്‍ പറയുന്നത്. ഇന്ന് ആ സിനിമ കാണുമ്പോള്‍ തന്റെ പ്രകടനങ്ങളില്‍ ഉടനീളം കുഴപ്പങ്ങളുണ്ടെന്ന് അറിയാമെന്നും അജു പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ അതിന് മറുപടി പറയാന്‍ ഒരു സംശയവുമില്ല. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ കുട്ടു തന്നെയാണ് അത്. ഇന്ന് ആ പടം കാണുമ്പോള്‍ എന്റെ പ്രകടനങ്ങളില്‍ ഉടനീളം കുഴപ്പങ്ങളുണ്ടെന്ന് എനിക്കറിയാം.

എന്നാലും അവിടെ നിന്നു കൊണ്ടാണല്ലോ എന്റെ തെറ്റുകള്‍ തിരുത്തുവാന്‍ പ്രചോദനമായത്. പിന്നീടുള്ള ഓരോ കഥാപാത്രങ്ങളെയും മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞത്.

അതുപോലെ ആ സിനിമയുടെ ആദ്യദിവസം, ആദ്യ സീനില്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും അഭിനയിച്ചത് ജഗതി ശ്രീകുമാര്‍ എന്ന മഹാനടനൊപ്പമാണ്. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷമാണത്. അതെനിക്ക് സമ്മാനിച്ചതും മലര്‍വാടിയാണല്ലോ.

ഇതിനെല്ലാമപ്പുറം ഒരു സിനിമ തുടങ്ങി അത് തിയേറ്ററില്‍ നിന്ന് വിടുന്നതു വരെ മാത്രമേ ആ സിനിമയുമായി ഞാന്‍ ആത്മബന്ധം പുലര്‍ത്താറുള്ളൂ. അതിനുശേഷം ഞാനതില്‍ നിന്ന് പൂര്‍ണമായും വേര്‍പെട്ടുപോകും. അതാണ് എന്റെ ശൈലിയും. അങ്ങനെ വേര്‍പെട്ടുപോകാത്ത ഏകചിത്രവും മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബാണ്,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese Talks About Malarvadi Arts Club Movie