Film News
പുഷ് അപ്പ് ബാര്‍ കയ്യിലെടുത്ത് പ്രണവ്, മുണ്ട് കുരുങ്ങി അജു; ചിരി പടര്‍ത്തി ഷൂട്ടിംഗ് സെറ്റിലെ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 20, 07:09 am
Sunday, 20th February 2022, 12:39 pm

ജനുവരി 21ന് തിയറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം ‘ഹൃദയ’ത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തുടര്‍ച്ചയായ അഞ്ചാം വാരത്തിലും മികച്ച പ്രതികരണവുമായി ഹൃദയം പ്രദര്‍ശനം തുടരുകയാണ്.

ഇപ്പോഴിതാ ഷൂട്ടിനിടയില്‍ സംഭവിച്ച രസകരമായ വീഡിയോ പങ്കുവെക്കുകയാണ് അജു വര്‍ഗീസ്. പുഷ് അപ്പ് ബാര്‍ കയ്യിലെടുത്ത് തല്ലാനൊരുങ്ങി നില്‍ക്കുന്ന പ്രണവിന് മോണോപ്പോട് എടുത്തു കൊടുക്കുന്ന അജു വര്‍ഗീസിനെയാണ് വീഡിയോയില്‍ കാണുന്നത്.

പിന്നാലെ മാസായി പൊക്കിയുടുങ്ങുന്ന അജുവിന്റെ മുണ്ട് മോണോപ്പോടില്‍ കുരുങ്ങുകയായിരുന്നു. എന്തായാലും അജു പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

കഴിഞ്ഞ ദിവസം ഹൃദയം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഹൃദയം സ്ട്രീമിംഗ് ആരംഭിച്ചത്. പൃഥ്വിരാജിന്റെ ബ്രോ ഡാഡിക്കു ശേഷം ഡിസ്‌നി പ്ലസില്‍ എത്തുന്ന മലയാള ചിത്രമാണ് ഹൃദയം.

ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷന്‍ 28.70 കോടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രണവിന്റെ ആദ്യ 50 കോടി ചിത്രമാണിത്. യു.എസ്, കാനഡ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം ഉണ്ടാക്കിയത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ‘ഹൃദയം’ നിര്‍മിച്ചത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം.


Content Highlight: aju varghese shares thevideo from shooting set