തനി ഒരുവൻ എന്ന ചിത്രത്തിൽ അരവിന്ദ് സാമി ചെയ്യാനിരുന്ന വില്ലൻ കഥാപാത്രം ചെയ്യാനിരുന്നത് താനാണെന്ന് അജ്മൽ അമീർ. താൻ പഠനം തുടരാൻ തീരുമാനിച്ചതുകൊണ്ട് ഒരുപാട് ചിത്രങ്ങൾ ചെയ്യാൻ പറ്റാതെ പോയെന്നും വില്ലൻ വേഷങ്ങൾ വളരെ പ്രാധാന്യമുള്ളതായതിനാൽ അത് ചെയ്യാൻ വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോ എന്ന ചിത്രം ചെയ്തതിന് ശേഷം എല്ലാ വലിയ നടന്മാരുടെയും വില്ലൻ ആയിട്ട് അഭിനയിക്കാൻ എന്നെ വിളിച്ചിരുന്നു. ഞാൻ പറഞ്ഞു എനിക്ക് ചെയ്യാൻ താൽപര്യമില്ലെന്ന്, കാരണം എനിക്ക് പി.ജി ചെയ്യണമായിരുന്നു. പിന്നെ ഒരു ബ്രേക്ക് വേണമെന്നുതോന്നി. അങ്ങനെ ഒരുപാട് ചിത്രങ്ങൾ ഞാൻ നഷ്ടപ്പെടുത്തിയിരുന്നു.
ജയം രവി നായകനായ തനി ഒരുവൻ എന്ന ചിത്രത്തിൽ അരവിന്ദ് സാമി ചെയ്ത വില്ലൻ വേഷം ചെയ്യാൻ എന്നെയാണ് വിളിച്ചത്. രണ്ട് മാസത്തോളം അവർ എന്നെ ഫോളോ ചെയ്തിരുന്നു. എനിക്ക് ടീം വളരെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ എനിക്ക് ഇങ്ങനെ ഒരു തീരുമാനവും ഉണ്ടായിരുന്നു. കൂടാതെ ഒന്നിന് പുറമെ ഒന്നായി ഞാൻ തെലുങ്കിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു.
സിനിമകളിൽ വില്ലൻ വേഷങ്ങൾ വളരെ പ്രാധാന്യമുള്ള ഒന്നാണ്. ആ ഒരു കഥാപാത്രം ആണ് ഒരു സിനിമയെ ചിലപ്പോൾ കൊണ്ടുപോകുന്നത്. അത് ചെയ്യാൻ ഒട്ടും മടിയില്ല,’ അജ്മൽ അമീർ പറഞ്ഞു.
അഭിമുഖത്തിൽ അവസരങ്ങൾ ചോദിക്കുന്നതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. മുൻകാലങ്ങളിൽ തനിക്ക് അവസരങ്ങൾ ചോദിക്കാൻ മടി ഉണ്ടായിരുന്നെന്നും എന്നാൽ നല്ല സിനിമകൾ കാണുമ്പോൾ ആ ചിത്രത്തിൻറെ സംവിധായകരെ അഭിനന്ദിക്കുന്നതിനൊപ്പം അവരുടെ അടുത്ത ചിത്രത്തിലേക്ക് തന്നെ പരിഗണിക്കണമെന്ന് പറയാറുണ്ടെന്നും അജ്മൽ പറഞ്ഞു.
‘പണ്ടൊക്കെ എനിക്ക് ചമ്മൽ ആയിരുന്നു അവസരങ്ങൾ ചോദിക്കാൻ. കോ എന്ന ചിത്രം പോലെ നല്ലൊരു ഹിറ്റ് കൊടുത്തിട്ട് വീട്ടിൽ തന്നെ ഇരുന്നാൽ പോരാ എനിക്ക് വർക്ക് ചെയ്യാൻ താത്പര്യമുണ്ടെന്ന് മാറ്റ് സംവിധായകരെ അറിയിക്കണമെന്ന് കോ സിനിമയയുടെ സിനിമാറ്റോഗ്രാഫർ എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു സിനിമ ഇഷ്ടപ്പെട്ടാൽ ഞാൻ ആ പടത്തിന്റെ സംവിധായകരെ വിളിക്കും, എനിക്ക് ചിത്രം ഇഷ്ടമായി അടുത്ത ചിത്രത്തിലേക്ക് എന്നെയും പരിഗണിക്കണമെന്നും പറയും,’ അജ്മൽ പറഞ്ഞു.