മുംബൈ: തങ്ങളുടെ 54 എം.എല്‍.എമാരില്‍ അജിത്ത് പവാറുള്‍പ്പെടെ ആറ് എം.എല്‍.എമാര്‍ മാത്രമാണ് ബി.ജെ.പി പക്ഷത്തുള്ളതെന്ന് എന്‍.സി.പി. ഇവരും മടങ്ങിയെത്തുമെന്നും ശരത് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രതികരിച്ചു.
ഒമ്പത് എം.എല്‍.എമാരാണ് അജിത്ത് പവാറിനും ബി.ജെ.പിക്കും പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹിയിലേക്ക് പോയത്. ഇവരില്‍ ആറ് പേര്‍ മാത്രമേ ഇപ്പോള്‍ ദല്‍ഹിയില്‍ തുടരുന്നുള്ളൂ എന്നാണ് എന്‍.സി.പി പറയുന്നത്.
അതേ സമയം എന്‍.സി.പി വിമത എം.എല്‍.എമാരെ തിരികെ കൊണ്ടുവരാന്‍ കഠിനശ്രമം നടത്തുന്നതിനിടെ അജിത്ത് പവാര്‍ സ്വവസതിയിലാണുള്ളത്.
വിമത എം.എല്‍എമാരുടെ മടങ്ങി വരവിനേക്കാളേറെ എന്‍.സി.പിക്ക് സന്തോഷമുണ്ടാക്കിയത് വിമത പക്ഷത്താണെന്ന് കരുതിയിരുന്ന മുതിര്‍ന്ന നേതാവ് ധനഞ്ജയ് മുണ്ഡെയുടെ വരവാണ്. ധനഞ്ജയ് മുണ്ഡെയുടെ മടങ്ങിവരവോടെ എന്‍.സി.പി ക്യാമ്പ് സന്തോഷത്തിലായി.
അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ഡെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ഡെ. ഗോപിനാഥ് മുണ്ഡെയുടെ മകളായ പങ്കജ മുണ്ഡെയെ പരാജയപ്പെടുത്തിയാണ് ധനഞ്ജയ് മുണ്ഡെ നിയമസഭയിലേക്ക് ജയിച്ചു കയറിയത്.