തമിഴ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ മകളും, സംവിധായികയുമായ ഐശ്വര്യ രജിനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലാല്‍ സലാം. ക്രിക്കറ്റ് പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമയില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാര്‍. രജിനികാന്ത് ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. എ.ആര്‍. റഹ്‌മാനാണ് സംഗീതസംവിധാനം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റില്‍ ഐശ്വര്യ, എ.ആര്‍. റഹ്‌മാനോട് ദേഷ്യപ്പെട്ടപ്പോള്‍ അദ്ദേഹം തന്ന മറുപടി ഞെട്ടിച്ചുവെന്ന് ഐശ്വര്യ പങ്കുവെച്ചു.
‘ഇന്ന് ഈ പ്രസ്മീറ്റിന് വരുന്നതിന് മുമ്പ് ഞാന്‍ റഹ്‌മാന്‍ സാറിനെ വിളിച്ച് ദേഷ്യപ്പെട്ടു. അദ്ദേഹം ഇവിടെയില്ല, ഗ്രാമി അവാര്‍ഡ്‌സിന് വേണ്ടി യു.എസിലാണ്. ഞാന്‍ അദ്ദേഹത്തോട്, ഇങ്ങനെ പാതിവഴിയില്‍ ഇട്ടിട്ടു പോയത് എന്തിനാണെനന്ന് ചോദിച്ചു. അതിന് അദ്ദേഹത്തിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെയായിരുന്നു.
‘ആരു പറഞ്ഞു പാതിയില്‍ ഇട്ടിട്ടു പോയെന്ന്?’ എന്നിട്ട് എല്ലാ നേരവും എന്നെ വിളിച്ചുകൊണ്ടിരുന്നു, എന്റെ സംശയങ്ങള്‍ തീര്‍ത്തു തന്നു. ഈ പ്രസ്മീറ്റിന് വന്നുകൊണ്ടിരുന്നപ്പോഴും അദ്ദേഹം എന്നെ വിളിക്കുകയായിരുന്നു. അത്രയ്ക്ക് കെയറിങ് ആയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. സിനിമയില്‍ അദ്ദേഹത്തിന്റെ വര്‍ക്ക് ഓരോ റഹ്‌മാന്‍ ഫാനിനും ആഘോഷിക്കാന്‍ പറ്റുന്നതാണ്. സിനിമ ഇറങ്ങുന്നതിന്റെ കൂടെ അതിന്റെ ഒറിജിനല്‍ സൗണ്ട് ട്രാക്കും റിലീസാകും. ഗംഭീര വര്‍ക്കാണ് റഹ്‌മാന്‍ സാര്‍ ഇതില്‍ ഒരുക്കിയിരിക്കുന്നത്,’ ഐശ്വര്യ പറഞ്ഞു.
സെന്തില്‍, തമ്പി രാമയ്യ, കെ.എസ് രവികുമാര്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് ലാല്‍ സലാം തിയേറ്ററുകളിലെത്തും. ജയിലര്‍ എന്ന ഹിറ്റിന് ശേഷം രജിനി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ലാല്‍ സലാമിനുണ്ട്. ജയ് ഭീമിന്റെ സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനാണ് രജിനി നായകനാകുന്ന അടുത്ത ചിത്രം.
Content Highlight: Aiswarya Rajnikanth about A R Rahman’s commitment in Lal Salaam movie