കവരത്തി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിര ഗുരുതര ആരോപണവുമായി ലക്ഷദ്വീപ് പൊലീസ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ശേഷം ഐഷയുടെ വാട്‌സ്ആപ്പ് ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്തുവെന്നാണ് പൊലീസിന്റെ ആരോപണം.
ഐഷയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നും പൊലീസ് പറഞ്ഞു. ഐഷയുടെ സാമ്പത്തിക സോത്രസ്സിനെക്കുറിച്ച് കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.
കേസ് എടുത്തതിന് പിന്നാലെയുള്ള ഐഷയുടെ നടപടി ദുരൂഹമാണ്. ഈ വാട്‌സ്ആപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല. പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഇതുവരെ കൈമാറിയിട്ടില്ല. അന്വേഷണ സംഘത്തിന് എതിരെയും ഐഷ മോശം പ്രചരണം നടത്തുകയാണെന്നും പൊലീസ് പറയുന്നു.
മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ചതിലാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.
ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഐഷ ദ്വീപിലെത്തി ചോദ്യം ചെയ്യലിന് വിധേയയായിരുന്നു. ലക്ഷദ്വീപിലെത്തിയ ഐഷയെ മൂന്ന് തവണയാണ് രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്തത്.