ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം; ഇസ്രഈലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് നീട്ടി എയര്‍ ഇന്ത്യ
National
ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം; ഇസ്രഈലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് നീട്ടി എയര്‍ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th October 2023, 3:58 pm

ന്യൂദല്‍ഹി: ഇസ്രഈലിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയത് ഒക്ടോബര്‍ 14 വരെ നീട്ടി എയര്‍ ഇന്ത്യ. ഇസ്രഈലിനും ഫലസ്തീനിലെ ഹമാസിനും ഇടയിലുള്ള സംഘര്‍ഷം തീവ്രമാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ 2023 ഒക്ടോബര്‍ 14 വരെ നിര്‍ത്തിവെക്കും. ഈ കാലയളവില്‍ ഞങ്ങളുടെ വിമാനങ്ങളില്‍ ബുക്കിങ് സ്ഥിരീകരിച്ച യാത്രക്കാര്‍ക്ക് എല്ലാ പിന്തുണയും എയര്‍ ഇന്ത്യ നല്‍കും,’ എയര്‍ ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.

ന്യൂദല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് താല്‍കാലികമായി റദ്ദാക്കിയത്.

ഇസ്രഈലിന് തിരിച്ചടിയായാണ് ഹമാസ് കഴിഞ്ഞ ദിവസം മിന്നലാക്രമണം നടത്തിയത്. നാല് ഫലസസ്തീനികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസാം ബ്രിഗേഡ്‌സ് ‘ഓപ്പറേഷന്‍ അല്‍-അഖ്‌സ ഫ്‌ളഡ്’ എന്ന പേരില്‍ റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ‘ഓപ്പറേഷന്‍ അയണ്‍ സ്വാഡ്’ എന്ന പേരില്‍ ഫലസ്തീനിലെ ഗസ മുനമ്പില്‍ ഇസ്രഈല്‍ വ്യോമാക്രമണം ആരംഭിച്ചു.

വ്യാപക ആക്രമണം തുടരുന്ന ഇസ്രഈല്‍-ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇന്നലെ മാത്രം 450ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. 3000ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധിയാളുകളെ ഹമാസ് ബന്ദികളാക്കിയതായി ഇസ്രഈല്‍ സ്ഥിരീകരിച്ചു. ഇസ്രഈല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 232 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1697 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Content Highlights: Air India suspends flights to and from Tel Aviv till October 14 due to Isreal Palestine conflict