എയര്‍ ഇന്ത്യയിലെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു
Big Buy
എയര്‍ ഇന്ത്യയിലെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th March 2012, 12:00 pm

മുംബൈ: ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യയില്‍ ജീവനക്കാര്‍ ഏപ്രില്‍ രണ്ടു മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിത കാല സമരം പിന്‍വലിച്ചു. ജൂണ്‍ മാസത്തോടെ ശമ്പള കുടിശ്ശിക തീര്‍ക്കുമെന്ന് യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ സി.എം.ഡി രോഹിത് നന്ദന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഉറപ്പില്‍ തൃപ്തരല്ലെങ്കിലും മൂന്ന് മാസം കൂടി സമയം നല്‍കാന്‍ യൂണിയനുകള്‍ തീരുമാനിക്കുകയായിരുന്നു.

മാനേജ്‌മെന്റുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ കുടിശികയായ വേതനം എന്നു നല്‍കുമെന്ന് യൂണിയനുകള്‍ക്ക് ഉറപ്പു കൊടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് എയര്‍ ഇന്ത്യയില്‍ ആകെയുള്ള 13 യൂണിറ്റുകളില്‍ എട്ടു യൂണിറ്റുകള്‍ പണിമുടക്കുമെന്ന് മുന്നറിയിപ്പു നല്‍കുകയായിരുന്നു. പൈലറ്റുമാരും എഞ്ചിനീയര്‍മാരും ഉള്‍പ്പടെ 28,000ത്തോളം ജീവനക്കാരാണ് ഏപ്രില്‍ രണ്ടു മുതല്‍ സമരം ആരംഭിക്കാനൊരുങ്ങിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യൂണിയനുകള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

ഭൂരിഭാഗം ജീവനക്കാരും സാമ്പത്തികശേഷി കുറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും ലോണടുത്ത് പഠിച്ച ശേഷം ജോലിയില്‍ കയറിയവരാണെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു.

33,000 പേര്‍ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 67,000 രൂപ കടവും 6,900 കോടി രൂപ നഷ്ടവുമാണ് എയര്‍ ഇന്ത്യക്ക് ഉണ്ടായത്.

Malayalam News

Kerala News in English