ഇവിടെ മുസ്‌ലീം ലീഗുണ്ടല്ലോ; കേരളത്തില്‍ മത്സരിക്കാനില്ലെന്ന് ഉവൈസി
Kerala Election 2021
ഇവിടെ മുസ്‌ലീം ലീഗുണ്ടല്ലോ; കേരളത്തില്‍ മത്സരിക്കാനില്ലെന്ന് ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th February 2021, 5:11 pm

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്ത് മറ്റേതെങ്കിലും പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കുകയോ ഏതെങ്കിലും പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചരണം നടത്താനോ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

”കേരളത്തില്‍ മുസ്‌ലിം ലീഗുണ്ട്. തങ്ങള്‍ കുടുംബമാണ് അതിനു നേതൃത്വം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ കേരളത്തിലേക്കു വരുന്നില്ല”, ഉവൈസി പറഞ്ഞു.

തന്റെ പാര്‍ട്ടി അസമിലും കേരളത്തിലും മത്സരിക്കില്ലെന്നു നേരത്തെ തന്നെ പറഞ്ഞ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ഉവൈസിയുടെ പാര്‍ട്ടി കാഴ്ചവെച്ചത്. ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുടെ ഭാഗമായി 24 സീറ്റുകളിലാണ് എം.ഐ.എം.ഐ.എം മത്സരിച്ചത്.

അഞ്ച് സീറ്റില്‍ ഉവൈസിയുടെ പാര്‍ട്ടിയ്ക്ക് ജയിക്കാനായിരുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും രണ്ടു സീറ്റുകളില്‍ വിജയം നേടാന്‍ പാര്‍ട്ടിക്കായി.

പാര്‍ട്ടി വിപുലീകരണത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലും മത്സരിക്കാന്‍ ഉവൈസി തീരുമാനിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് പശ്ചിമ ബംഗാളിലും ഗുജറാത്തിലും മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AIMIM not to contest in Kerala Assembly Elections says Asaduddin Owaisi